കെറെമിയോസിന് സമീപം 5,900 ഹെക്ടറോളം കാട്ടുതീ വ്യാപനം

By: 600021 On: Aug 6, 2022, 3:00 PM

കെറെമിയോസ് ക്രീക്ക് കാട്ടുതീ 5,900 ഹെക്ടറിലധികം വിസ്തൃതിയിൽ വ്യാപിച്ചതായി റിപ്പോർട്ടുകൾ. അപകടകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കാട്ടുതീയെ തുടർന്ന് നൂറുകണക്കിന് ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളിയാഴ്ച ഉച്ചവരെ, 547 പ്രോപ്പർട്ടികൾ ഒഴിപ്പിക്കൽ ഉത്തരവിലുണ്ട്.1,000-ത്തിലധികം ആളുകൾ ഇവാക്വേഷൻ അലെർട്ടിനു കീഴിലാണ്. ഹൈവേ 3 A നിലവിൽ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.
 
കെറെമിയോസ് ക്രീക്ക് കാട്ടുതീ ഒലല്ല, മാർസൽ ക്രീക്ക് പ്രദേശങ്ങളിൽ കനത്ത പുക വർദ്ധിപ്പിക്കുന്നുണ്ടെന്നും  പുക കാരണം ചില പ്രദേശങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് തീ അണയ്ക്കാൻ സാധിക്കുന്നില്ലെന്നും ബീ. സി വൈൽഡ് ഫയർ സർവീസ് പറയുന്നു.
 
ഒഴിപ്പിക്കൽ ജാഗ്രതാ നിർദേശത്തിലുള്ളവർ ഏത് സമയവും മാറ്റത്തിനു സജ്ജരായിരിക്കണമെന്നും തങ്ങളുടെ വസ്തുവകകൾ അഗ്നിശമനമാക്കണമെന്നും ആവശ്യമുള്ള ഉപകരണങ്ങൾ, ലഗേജ് എന്നിവ തയ്യാറാക്കി വയ്ക്കണമെന്നും ഒകനാഗൻ-സിമിൽകാമീൻ റീജിയണൽ ഡിസ്ട്രിക്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററിലെ ഇൻഫർമേഷൻ ഓഫീസർ എറിക് തോംസൺ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒലല്ല പ്രദേശത്തെ മുഴുവൻ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.
 
പെന്റിക്‌ടൺ റിസപ്ഷൻ സെന്ററിൽ 200-ലധികം കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിട്ടുണ്ട്. പ്രദേശവാസികളും ബിസിനസ്സുകളും ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച് ഒഴിപ്പിക്കപ്പെട്ടവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്നുണ്ട്.