കനേഡിയന്‍ ബ്ലഡ് സര്‍വീസസിന്റെ രക്ത ശേഖരത്തില്‍ O+, O- ബ്ലഡ് ഗ്രൂപ്പുകള്‍ക്ക് ക്ഷാമം

By: 600002 On: Aug 6, 2022, 11:47 AM

കനേഡിയന്‍ ബ്ലഡ് സര്‍വീസസിന്റെ രക്ത ശേഖരത്തില്‍ O+, O- എന്നീ ബ്ലഡ് ഗ്രൂപ്പുകളില്‍ കുറവുള്ളതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസത്തേക്കുള്ള ശേഖരം മാത്രമേ ശേഷിക്കുന്നുള്ളൂവെന്നാണ് കനേഡിയന്‍ ബ്ലഡ് സര്‍വീസസ് (സിബിഎസ്) പറയുന്നത്. A+,A-, B- രക്തഗ്രൂപ്പുകള്‍ അഞ്ച് ദിവസത്തേക്ക് മാത്രമേ ഉള്ളൂവെന്നും സിബിഎസ് പറയുന്നു. ഈ രക്തഗ്രൂപ്പുകളുടെ ശേഖരം എട്ട് ദിവസത്തില്‍ താഴെയാകുമ്പോള്‍ രക്തം ശേഖരിക്കേണ്ടത് അത്യാവശ്യമാണെന്നും ഏജന്‍സി വ്യക്തമാക്കി. ഡിമാന്‍ഡ് നിലനിര്‍ത്തുന്നതിന് എല്ലാ രക്തഗ്രൂപ്പിലുമുള്ള ദാതാക്കളെ ആവശ്യമാണ്. 

ജൂലൈ 1 മുതല്‍ രക്ത ശേഖരണം ക്രമാനുഗതമായി കുറഞ്ഞു വരികയാണെന്നും അടുത്ത ആഴ്ചയില്‍ ലക്ഷ്യത്തേക്കാള്‍ 3,000 യൂണിറ്റുകള്‍ കുറവാണ് ശേഖരണമെന്നും കനേഡിയന്‍ ബ്ലഡ് സര്‍വീസസ് (സിബിഎസ്) പറയുന്നു. ബ്ലഡ് ഡൊണേഷനില്‍ 17 ശതമാനം കുറവാണ് ജൂലൈ മാസത്തിലുണ്ടായത്. വ്യക്തികളുടെ കമ്മ്യൂണിറ്റി ഇവന്റുകള്‍ കുറയുന്നതും, കോവിഡ്-19 മൂലമുള്ള അസുഖങ്ങളും ഐസൊലേഷനും ചൂടുമായി ബന്ധപ്പെട്ട കാലാവസ്ഥാ ആഘാതങ്ങളും രക്തദാതാക്കളുടെ അഭാവത്തിന് ആക്കം കൂട്ടുന്നുവെന്ന് സിബിഎസ് കൂട്ടിച്ചേര്‍ത്തു.

കാനഡയിലുടനീളം ഓഗസ്റ്റ് അവസാനത്തിനു മുമ്പ് 57,000 ഓപ്പണ്‍ അപ്പോയിന്റ്‌മെന്റുകള്‍ ഫില്‍ ചെയ്യേണ്ടതുണ്ടെന്ന് സിബിഎസ് അറിയിച്ചു. ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ GiveBlood ആപ്പ് ഉപയോഗിച്ചോ അല്ലെങ്കില്‍ കനേഡിയന്‍ ബ്ലഡ് സര്‍വീസസിന്റെ വെബ്‌സൈറ്റ് വഴിയോ ബുക്ക് ചെയ്യേണ്ടതാണെന്ന് സിബിഎസ് അറിയിക്കുന്നു.