ഒന്റാരിയോയില്‍ കോവിഡ് പരിശോധനയ്ക്ക് വ്യാജ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ഹെല്‍ത്ത് കാനഡ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനോ വിതരണം ചെയ്യാനോ ആവശ്യമായ ലൈസന്‍സ് ഇല്ലാത്ത ഹെല്‍ത്ത്ഫുള്‍ പ്ലസ് കമ്പനിയാണ് ഓണ്‍ലൈന്‍ മുഖേന കിറ്റുകള്‍ വിറ്റതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.
വ്യാജ ഉല്‍പ്പന്നങ്ങള്‍ BTNX Inc. ന്റെ 25 പാക്ക് റാപ്പിഡ് റെസ്‌പോണ്‍സ് കോവിഡ്-19 ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകളോട് സാമ്യമുള്ളതാണെന്ന് മുന്നറിയിപ്പില്‍ ഹെല്‍ത്ത് കാനഡ പറയുന്നു. ഇതിനാല്‍ ആളുകള്‍ക്ക് വ്യാജമാണെന്ന് തിരിച്ചറിയാന്‍ കഴിയാതെ വരുന്നു. വ്യാജ ടെസ്റ്റ് കിറ്റുകളില്‍ BTXN ന് പകരം 'ഹെല്‍ത്ത് അഡ്വാന്‍സ് ഇന്‍ക്' എന്ന ലേബല്‍ ഉപയോഗിച്ചിട്ടുണ്ട്. 'ഔദ്യോഗിക കനേഡിയന്‍ ഡിസ്ട്രിബ്യൂട്ടര്‍' എന്ന നിലയില്‍ ഹെല്‍ത്ത് അഡ്വാന്‍സ് ഉള്ള ഒരു ലേബലും കൂടാതെ 'ഹെല്‍ത്ത് കാനഡ അപ്രൂവ്ഡ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വ്യാജ കിറ്റുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഹെല്‍ത്ത് കാനഡ വിലയിരുത്തിയിട്ടില്ല. ഏജന്‍സി ബിടിഎന്‍എക്സുമായി ബന്ധപ്പെടുകയും ഈ കിറ്റുകള്‍ വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഹെല്‍ത്ത് കാനഡ പറഞ്ഞു.
മെഡിക്കല്‍ ഉപകരണ സ്ഥാപന ലൈസന്‍സ് ഉടമകള്‍ ഈ രണ്ട് കമ്പനികളില്‍ നിന്നും കിറ്റുകള്‍ വാങ്ങുകയോ കൂടുതല്‍ വിതരണം ചെയ്യുകയോ ചെയ്യരുതെന്ന് ഹെല്‍ത്ത് കാനഡ അറിയിച്ചു.
രാജ്യത്ത് മറ്റെവിടെയെങ്കിലും വ്യാജ കിറ്റുകള്‍ വിതരണം ചെയ്തതായി തെളിവുകളില്ലെന്ന് ഹെല്‍ത്ത് കാനഡ വ്യക്തമാക്കി. ഹെല്‍ത്ത് അഡ്വാന്‍സില്‍ നിന്നോ ഹെല്‍ത്ത്ഫുള്‍ പ്ലസ്സില്‍ നിന്നോ ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയവരോട് അവ ഉപയോഗിക്കരുതെന്നും ഏജന്‍സിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.