കാനഡ കൈത്തോക്കുകളുടെ ഇറക്കുമതി നിരോധിക്കുന്നു: ഓഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വരും 

By: 600002 On: Aug 6, 2022, 7:43 AM

നിയന്ത്രിത കൈത്തോക്കുകളുടെ ഇറക്കുമതി നിരോധിക്കാന്‍ നീക്കവുമായി കാനഡ. നിരോധനം ഓഗസ്റ്റ് 19 മുതല്‍ നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ഇറക്കുമതി നിരോധനവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ ഗവണ്‍മെന്റ് തീരുമാനിച്ചതായി പബ്ലിക് സേഫ്റ്റി മിനിസ്റ്റര്‍ മാര്‍ക്കോ മെന്‍ഡിസിനോയും വിദേശകാര്യമന്ത്രി മെലാനി ജോളിയും വെള്ളിയാഴ്ച അറിയിച്ചു. 

കാനഡയിലേക്ക് കൈത്തോക്കുകള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസുകാരെയും ഈ നടപടി തടയുമെന്ന് സര്‍ക്കാര്‍ പറയുന്നു. വരാനിരിക്കുന്ന നിയന്ത്രണങ്ങള്‍ 'മരവിപ്പിക്കല്‍ നടപടികള്‍' വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഈ നീക്കം താല്‍ക്കാലികമാണ്. പാര്‍ലമെന്റില്‍ മുമ്പ് വാഗ്ദാനം ചെയ്ത സ്ഥിരമായ ഇറക്കുമതി നിരോധനം പാസാക്കുന്നത് വരെ മാത്രമേ ഇത് പ്രാബല്യത്തില്‍ തുടരുകയുള്ളൂവെന്നാണ് സൂചന. 

മെയ് അവസാനത്തില്‍ ലിബറലുകള്‍ അവതരിപ്പിച്ച C-21 പാസാക്കിയാല്‍ രാജ്യത്ത് കൈത്തോക്കുകളുടെ നിയമപരമായ ഇറക്കുമതി കൂടുതല്‍ നിയന്ത്രിക്കും. കൈത്തോക്കുകളുടെ വില്‍പ്പന, വാങ്ങല്‍, അല്ലെങ്കില്‍ കൈമാറ്റം എന്നിവയില്‍ ദേശീയതലത്തിലുള്ള മരവിപ്പിക്കല്‍ തെരഞ്ഞെടുക്കുന്നതിന് പകരം സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്ന ഒരു പ്രത്യേക വിഭാഗം ബില്ലില്‍ ഉണ്ട്. ഇത് നിലവിലെ നിയമപരമായ ഉടമകള്‍ക്ക് കൈത്തോക്കുകള്‍ സൂക്ഷിക്കാന്‍ അനുവാദം നല്‍കുന്നു.