തുടർച്ചയായി മൂന്നാംതവണയും പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

By: 600021 On: Aug 5, 2022, 12:22 PM

റിസർവ് ബാങ്ക് തുടർച്ചയായ മൂന്നാംതവണയും പലിശ നിരക്ക് ഉയർത്തി. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ നിരക്കായ റിപ്പോ 50 ബേസിസ് പോയിന്റ് ഉയർത്തി. അടിസ്ഥാന പലിശ 5.4 ശതമാനമായി. ഇതോടനുബന്ധിച്ചു ഭവന, വാഹന, വ്യക്തിഗത വായ്പകളിലെ പലിശ നിരക്കുകളും ഉയരും. 
 
പണപ്പെരുപ്പത്തോത് ആശങ്കാജനകമായി തുടരുന്നതും ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവുമാണ് തീരുമാനത്തിനു പിന്നിലെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. സ്ഥിതി പ്രവചനാതീതമാണെന്നും പണപ്പെരുപ്പത്തോത് ഉയർന്നു തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പലിശനിരക്കിൽ സമീപകാലത്തെ ഏറ്റവും വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ആഗോള സാമ്പത്തിക സ്ഥിതി പ്രവചനാതീതമെന്ന് സർവ് ബാങ്ക് പണനയ അവലോകന സമിതി അഭിപ്രായപ്പെട്ടു.