'പിഞ്ച് ടു സൂം' ഓപ്ഷൻ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച് യൂട്യൂബ്

By: 600021 On: Aug 5, 2022, 12:14 PM

വിഡിയോ എട്ടു മടങ്ങ് വരെ സൂം ചെയ്ത് കാണാൻ കഴിയുന്ന ഫീച്ചറായ 'പിഞ്ച് ടു സൂം' യൂട്യൂബ് പരീക്ഷണാര്‍ഥം അവതരിപ്പിച്ചു. ഈ ഫീച്ചറിലൂടെ യൂട്യൂബ് വിഡിയോയുടെ ഒരു ഭാഗത്തേക്ക് എട്ടു മടങ്ങ് അടുത്തു വരെ ചെല്ലാമെന്നാണ് 9 to 5 ഗൂഗിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആപ്പിളിന്റെ ഐ.ഒ.എസിലും ഗൂഗിൾ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലൂടെയാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കാനായി ലഭ്യമായത്.
 
പുതിയ ഫീച്ചര്‍ ഇപ്പോള്‍ യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് ലഭ്യമാകുക. സെപ്റ്റംബര്‍ 1 വരെയാണ് ഇത് പരീക്ഷണഘട്ടത്തില്‍ തുടരുക. തുടര്‍ന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ വിലയിരുത്തിയ ശേഷം അധിക ക്രമീകരണങ്ങള്‍ വേണമെങ്കില്‍ അത് നടത്തി കൂടുതല്‍ പേർക്ക് നല്‍കിയേക്കും. വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ യൂട്യൂബ് വിഡിയോകളില്‍ എത്തിയേക്കുമെന്നു തന്നെയാണ് റിപ്പോർട്ടുകൾ. ഫീച്ചർ ലഭിക്കാനായി പ്രീമിയം സബ്‌സ്‌ക്രൈബര്‍മാര്‍ യൂട്യൂബ് ആപ്പിന്റെ സെറ്റിങ്‌സ് മെന്യു തുറക്കുക. 'ട്രൈ ന്യൂ ഫീച്ചേഴ്‌സ്' എന്നൊരു വിഭാഗം സെറ്റിങ്‌സ് പട്ടികയില്‍ കാണാനാകും.