ഗൂഗിൾ മാപ്പ് നോക്കി യാത്ര; വഴിതെറ്റി തോട്ടിൽ വീണ കാർ യാത്രക്കാർക്ക് അദ്ഭുത രക്ഷ

By: 600021 On: Aug 5, 2022, 12:03 PM

ഗൂഗിൾമാപ്പ് നോക്കി യാത്ര ചെയ്യവേ വഴി തെറ്റി കാറിൽ സഞ്ചരിച്ച നാലംഗ കുടുംബം തോട്ടിൽ വീണു. നാട്ടുകാരുടെ ഇടപെടൽ മൂലം ആറുമാസം പ്രായമുള്ള കുഞ്ഞടക്കം അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം തിരുവാതുക്കലിനു സമീപം വ്യാഴാഴ്ച രാത്രി 11 മണിയോടയാണ് അപകടം നടന്നത്. എറണാകുളത്തുനിന്നു തിരുവല്ലയിലേക്കുള്ള യാത്രയ്ക്കിടെ  കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരൻ അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു അപകടത്തിൽ പെട്ടത്.
 
എറണാകുളത്ത് നിന്ന് യാത്ര തിരിച്ച കുടുംബം ഗൂഗിൾ മാപ്പിന്റെ അടിസ്ഥാനത്തിൽ ആണ് യാത്ര ചെയ്തത്. എന്നാൽ തിരുവാതുക്കൽ നിന്ന് വഴിതെറ്റി ഇവർ പാറേച്ചാലിൽ എത്തുകയായിരുന്നു. ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാർ നീങ്ങിയത്. റോഡും തോടും തിരിച്ചറിയാനാവാത്ത സാഹചര്യമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൈത്തോട്ടിലേക്ക് കാർ പതിച്ചപ്പോൾ തന്നെ ഗ്ലാസിൽ ഇടിച്ച് കാറിലുണ്ടായിരുന്നവർ ഒച്ചയിട്ടതോടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.  നാട്ടുകാരായ യുവാക്കൾ വെള്ളത്തിൽ ചാടി കാറ് തൂണുമായി ബന്ധിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ബന്ധുക്കൾക്കൊപ്പം കുടുംബം തിരുവല്ലയിലേക്ക് മടങ്ങി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തിയിരുന്നു. സത്യൻ, വിഷ്ണു എന്നീ യുവാക്കളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.