ബീ.സിയിൽ കാട്ടുതീയ്ക്ക് സാധ്യത; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

By: 600021 On: Aug 5, 2022, 11:48 AM

മുൻ വർഷത്തെ അപേക്ഷിച്ച് കുറവാണെങ്കിലും ബീ.സിയിൽ കാട്ടുതീ സാധ്യത നിലനിൽക്കുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി പ്രാദേശിക സർക്കാരിൽ നിന്നോ ഫസ്റ്റ് നേഷനിൽ നിന്നോ ഉള്ള എല്ലാ നിർദ്ദേശങ്ങളും ആളുകൾ പിന്തുടരണമെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി മൈക്ക് ഫാർൺവർത്ത് വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
പ്രവിശ്യയിൽ ഏകദേശം 330 പ്രോപ്പർട്ടികൾ ഒഴിപ്പിക്കൽ ഉത്തരവിലും 500 എണ്ണം ഒഴിപ്പിക്കൽ അലേർട്ടിലുമുണ്ടെന്ന് ഫാർൺവർത്ത് പറഞ്ഞു. അതിനാൽ ഒഴിയാൻ നിർദേശം ലഭിക്കുന്ന ആളുകൾ അത് പാലിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഇതേ സമയം 4,300 പ്രോപ്പർട്ടികൾ ഒഴിപ്പിക്കൽ ഓർഡറിലും 21,000 പേരെ ഒഴിപ്പിക്കൽ അലേർട്ടിലും ഉൾപ്പെടുത്തിയിരുന്നു. ചൂടും വരണ്ട കാലാവസ്ഥയും മിന്നലും മൂലം ബീ.സി യിൽ കഴിഞ്ഞയാഴ്ച 154 തീപിടുത്തങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സീസണിൽ ഏകദേശം 530 കാട്ടുതീ  റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ വർഷം ഈ സമയത്ത് 1,300-ലധികം കാട്ടുതീയിൽ നിന്നായി 25 ഇരട്ടിയിലധികം ഹെക്ടർ വനവും ഭൂമിയും കത്തിനശിച്ചിരുന്നു.
 
സമീപകാലത്ത് ഉണ്ടായ മഴ പ്രവിശ്യയുടെ വടക്കൻ ഭാഗങ്ങളിൽ കാട്ടുതീയുടെ എണ്ണം കുറയ്ക്കാൻ സഹായിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രവിശ്യയിലെ ആറ് കാട്ടുതീയും റിപ്പോർട്ട്‌ ചെയ്തത് കാംലൂപ്‌സിലോ തെക്കുകിഴക്കൻ ഫയർ സെന്ററുകളിലോ ആണ്. വ്യാഴാഴ്ച ഉച്ചയോടെ കോസ്റ്റൽ, കംലൂപ്‌സ്, സൗത്ത് ഈസ്റ്റ് ഫയർ സെന്ററുകളിൽ ക്യാമ്പ് ഫയർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ കൂടുതൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ പ്രവചിക്കുന്നതിനാൽ കാട്ടുതീ സാധ്യത കൂടുതലാണ്. രക്ഷാപ്രവർത്തനത്തിനായി ഏകദേശം 1,000 അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്.