തകാറ്റയുടെ എയർ ബാഗ് ഇൻഫ്ലേറ്റർ പൊട്ടിത്തെറിച്ച് ഫ്ലോറിഡയിൽ ട്രക്ക് ഡ്രൈവർ മരിച്ചു

By: 600021 On: Aug 5, 2022, 11:42 AM

തകാറ്റ കോർപ്പറേഷന്റെ എയർ ബാഗ് ഇൻഫ്ലേറ്ററുകൾ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ പെൻസകോളയ്ക്ക് സമീപം  നടന്ന അപകടത്തിൽ എയർ ബാഗ് ഇൻഫ്ലേറ്റർ പൊട്ടിത്തെറിച്ച് ഫോർഡ് റേഞ്ചർ പിക്കപ്പ് ട്രക്കിന്റെ ഡ്രൈവറായ 23 കാരൻ മരിച്ചതാണ് ഇതിൽ അവസാന സംഭവം. ഇതോടെ ഇത്തരത്തിലുള്ള മരണങ്ങളുടെ എണ്ണം യു.എസിൽ 19 ഉം ആഗോള തലത്തിൽ 28 ഉം ആയി ഉയർന്നു. സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിനു മുമ്പ് ക്രാഷിന്റെ വിശദാംശങ്ങൾ സ്ഥിരീകരിക്കണമെന്ന് യു.എസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ വ്യാഴാഴ്ച അറിയിച്ചു.
 
തകാറ്റ എയർബാഗിൽ ഉപയോഗിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് വായുവിലെ ഈർപ്പവും ഉയർന്ന താപനിലയും മൂലം കാലക്രമേണ കൂടുതൽ അസ്ഥിരമാകും. ഇതേ തുടർന്ന് സംഭവിക്കുന്ന സ്ഫോടനത്തിൽ മെറ്റൽ കാനിസ്റ്റർ പൊട്ടിത്തെറിച്ച് പാസഞ്ചർ കമ്പാർട്ടുമെന്റിലേക്ക് ചിതറി തെറിക്കാൻ സാധ്യതയുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് യു.എസിൽ മാത്രം കമ്പനിയുടെ 67 ദശലക്ഷത്തോളം ഇൻഫ്ലേറ്ററുകളാണ് റീകോൾ ചെയ്തത്. ആഗോള തലത്തിൽ ഇത് 100 ദശലക്ഷം വരും.
മരണങ്ങളിൽ ഭൂരിഭാഗവും യു.എസിലാണ് സംഭവിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലും മലേഷ്യയിലും ഇത്തരം മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. 2016 ജനുവരിയിൽ യു.എസിലും കാനഡയിലുമായി റേഞ്ചേഴ്‌സിന്റെ 2004 മുതൽ 2006 വരെയുള്ള മോഡലുകളിൽ നിന്ന് ഏകദേശം 391,000 ഡ്രൈവർ ഇൻഫ്ലേറ്ററുകൾ മാറ്റിസ്ഥാപിക്കാൻ ഫോർഡ് റീകോൾ നോട്ടീസ് നൽകിയിരുന്നു.
 
അപകടസാധ്യത കണക്കിലെടുത്ത് വാഹനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് റേഞ്ചർ ഉടമകളോട് ഫോർഡ് അഭ്യർത്ഥിച്ചു. വാഹന ഉടമകൾ ഏജൻസിയുടെ വെബ്‌സൈറ്റിൽ കയറി 17 അക്ക വാഹന ഐഡന്റിഫിക്കേഷൻ നമ്പർ നൽകിയാൽ പ്രസ്തുത വാഹനത്തിന് ഏതെങ്കിലും റീകോൾ ആവശ്യമാണോ എന്ന് അറിയാൻ കഴിയും. റീകോൾ ചെയ്ത വാഹനങ്ങൾക്ക് സൗജന്യമായ അറ്റകുറ്റപ്പണികൾ എത്രയും വേഗത്തിൽ ലഭ്യമാകും എന്ന് ഏജൻസി കൂട്ടിച്ചേർത്തു.
 
അപകടങ്ങളെ തുടർന്നുള്ള റീകോൾ മൂലം ജപ്പാൻ കമ്പനിയായ തകാറ്റയ്ക്കെതിരെ   ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെടുകയും കമ്പനി പാപ്പരത്തത്തിലേക്ക് നീങ്ങുകയും ചെയ്തതോടെ ചൈനയുടെ ഉടമസ്ഥതയിലുള്ള ഒരു ഓട്ടോ പാർട്‌സ് വിതരണക്കാരൻ തകാറ്റ വാങ്ങിയിരുന്നു.