ലൈംഗികാതിക്രമ കേസുകളിലെ കൊടുംകുറ്റവാളി ഹാലിഫാക്‌സില്‍ താമസിക്കുന്നതായി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി റീജിയണല്‍ പോലീസ്. നിരവധി കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്ന 51 വയസ്സുള്ള മൈക്കല്‍ ഗാരി ഗില്‍ബെര്‍ട്ട് ആണ് ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍ മോചിതനായി ഹാലിഫാക്‌സില്‍ എത്തിയിരിക്കുന്നതെന്ന് ഹാലിഫാക്‌സ് റീജിയണല്‍ പോലീസ് അറിയിച്ചു. ലൈംഗിക ചൂഷണം, 14 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു നേരെ ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങി നിരവധി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ഒരാളുടെ സാന്നിധ്യത്തിലല്ലാതെ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തരുതെന്ന വ്യവസ്ഥയോടെയാണ് കോടതി ജയില്‍ മോചിതനാക്കിയത്. കൂടാതെ 16 വയസില്‍ താഴെയുള്ള ആരുമായും ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്താനോ പാര്‍ക്ക്, സ്വിമ്മിംഗ് ഏരിയ, ഡേകെയര്‍, സ്‌കൂള്‍ തുടങ്ങി കുട്ടികളുമായി ബന്ധപ്പെട്ട ഒരു സംവിധാനങ്ങളിലും പ്രവേശിക്കാനോ സന്ദര്‍ശിക്കാനോ ഗില്‍ബെര്‍ട്ടിന് അനുവാദമില്ല.
ഹാലിഫാക്‌സ് ഏരിയയില്‍ ഗില്‍ബെര്‍ട്ട് എവിടെയാണ് താമസിക്കുന്നതെന്ന് കൃത്യമായി പോലീസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ജാഗ്രതയോടെയിരിക്കണമെന്നും ഇയാളുമായി സമ്പര്‍ക്കത്തിലാകാതെ നോക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇയാള്‍ വിടുതല്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് കണ്ടാല്‍ 902-490-5020 എന്ന നമ്പറില്‍ ഹാലിഫാക്‌സ് റീജിയണല്‍ പോലീസില്‍ വിവരമറിയിക്കേണ്ടതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.