ബീസിയില്‍ അബദ്ധത്തില്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 5,000 ഡോളര്‍ അയച്ച സംഭവത്തില്‍ പണം തിരികെ നല്‍കാന്‍ ഉത്തരവിട്ടു  

By: 600002 On: Aug 5, 2022, 7:52 AM


സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുന്നതിന് പകരം അബദ്ധവശാല്‍ മറ്റൊരാള്‍ക്ക്  ഇ-ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ പണം യാഥാര്‍ത്ഥ ഉടമയ്ക്ക് തന്നെ ലഭ്യമാക്കണമെന്ന് വിധി. ബീസിയിലുള്ള വ്യക്തിയാണ് അബദ്ധത്തില്‍ 5,000 ഡോളര്‍ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഇ മെയില്‍ വഴി മാറ്റിയത്. ഇത് തിരിച്ചറിഞ്ഞ അക്കൗണ്ട് ഉടമയോട് കാര്യം അവതരിപ്പിച്ചപ്പോള്‍ പണം തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഇതോടെ പരാതി നല്‍കുകയായിരുന്നു. 

തര്‍ക്കത്തില്‍ സിവില്‍ റെസല്യൂഷന്‍ ട്രിബ്യൂണലാണ് തീരുമാനം കൈക്കൊണ്ടത്. തെറ്റായ ഒരു കാര്യം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനമെടുത്തിരിക്കുന്നതെന്ന് ട്രിബ്യൂണല്‍ അംഗം ഡേവിഡ് ജിയാങ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സംഭവം നടന്നത്. ബ്ലൂഷോര്‍ ബാങ്കിന്റെ ഓണ്‍ലൈന്‍ ബാങ്കിംഗ് സംവിധാനം വഴി പണം അയച്ചയാള്‍ സ്വന്തം അക്കൗണ്ടിനു പകരം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. 5,000 ഡോളര്‍ അയച്ചതായുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്  സ്വീകരിച്ചയാളുടെ പേരുമായി പൊരുത്തപ്പെടുന്നതായി തെളിവുണ്ട്. പണം അയച്ച ആളിന്റെയും സ്വീകര്‍ത്താവിന്റെയും രേഖകള്‍ ബ്ലൂഷോര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. പണം ലഭിച്ച സ്വീകര്‍ത്താവ് അത് നിക്ഷേപിച്ചതായും കണ്ടെത്തി. 

രേഖാ മൂലം തെളിവുകള്‍ ഉള്ളതിനാല്‍ 5000 ഡോളര്‍ യഥാര്‍ത്ഥ വ്യക്തിക്ക് തിരിച്ചുകൊടുക്കാന്‍ ട്രിബ്യൂണല്‍ ഉത്തരവിടുകയായിരുന്നു. കൂടാതെ പണം അയച്ചയാള്‍ക്ക് സിആര്‍ടി ഫീസായി ഏകദേശം 200 ഡോളര്‍ നല്‍കാനും ഉത്തരവിട്ടു.