ജിടിഎയിലെ വീടുകളുടെ വില്‍പ്പന 47 ശതമാനം ഇടിഞ്ഞു: ടൊറന്റോ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് 

By: 600002 On: Aug 5, 2022, 7:15 AM


ഗ്രേറ്റര്‍ ടൊറന്റോ ഏരിയയിലെ(ജിടിഎ) വീടുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂലൈയില്‍ 47 ശതമാനവും കഴിഞ്ഞ ജൂണില്‍ നിന്ന് 24 ശതമാനവും കുറഞ്ഞതായി ടൊറന്റോ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ്. ജൂലൈ പകുതിയോടെ കാനഡയുടെ പ്രധാന പലിശ നിരക്ക് ഒരു ശതമാനം വര്‍ധിപ്പിച്ചതോടെ മോര്‍ട്ട്‌ഗേജ് വഹിക്കുന്നതിനുള്ള ചെലവ് വര്‍ധിച്ചു. ഇത് റിയല്‍ എസ്‌റ്റേറ്റ് വിപണിയെ സാരമായി ബാധിച്ചതായി  ബോര്‍ഡും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരും പറയുന്നു. 

ഭവന വിതരണം വര്‍ധിപ്പിക്കുന്നതും മോര്‍ട്ട്‌ഗേജ് പോളിസികള്‍ അവലോകനം ചെയ്യുന്നതും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന് ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. പല ജിടിഎ കുടുംബങ്ങളും ഭാവിയില്‍ ഒരു വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നു. എന്നാല്‍ വിപണി എവിടേക്കാണ് പോകുന്നതെന്ന കാര്യത്തില്‍ നിലവില്‍ അനിശ്ചിതത്വമുണ്ട്. ഈ അനിശ്ചിതത്വം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് റിയല്‍ എസ്റ്റേറ്റ് ബോര്‍ഡ് സിഇഒ ജോണ്‍ ഡിമിഷെല്‍ പറഞ്ഞു. 

2022 ജൂണ്‍ മാസത്തില്‍ വീടിന്റെ ശരാശരി വിലയായ 1,145,994 ഡോളറില്‍ നിന്ന് ആറ് ശതമാനം കുറഞ്ഞ് കഴിഞ്ഞ മാസം 1,074,754 ഡോളര്‍ ആയി. 2021 ജൂലൈയിലെ വീടുകളുടെ ശരാശരി വിലയായ 1,061,724 ഡോളറില്‍ നിന്ന് ഒരു ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഡിറ്റാച്ച്ഡ് ഹോം വില കഴിഞ്ഞ മാസം 1,362,598 ഡോളറിലെത്തി. അതേസമയം, വില്‍പ്പന 46 ശതമാനം ഇടിഞ്ഞ് 2,203 ആയി. സെമി ഡിറ്റാച്ച്ഡ് വീടുകളുടെ വില കഴിഞ്ഞ ജൂലൈയില്‍ നിന്ന് ഏകദേശം അഞ്ച് ശതമാനം ഉയര്‍ന്ന് 1,077,750 ഡോളറായി. എന്നാല്‍ വില്‍പ്പന 45 ശതമാനം ഇടിഞ്ഞ് 474 ആയി. 

ടൗണ്‍ഹൗസ് വില ആറ് ശതമാനം ഉയര്‍ന്ന് 903,899 ഡോളറിലെത്തിയപ്പോള്‍ അവയുടെ വില്‍പ്പന 52 ശതമാനം ഇടിഞ്ഞ് 816 ആയതായും ടൊറന്റോ റിയല്‍ എസ്‌റ്റേറ്റ് ബോര്‍ഡ് വ്യക്തമാക്കി.