സോഷ്യല്‍മീഡിയ വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: മുന്നറിയിപ്പുമായി ഒന്റാരിയോ പോലീസ് 

By: 600002 On: Aug 5, 2022, 6:37 AM

ഒന്റാരിയോ മില്‍ട്ടണില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്ന് പോലീസ്. ജോലി അന്വേഷിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തുന്ന തട്ടിപ്പില്‍ അടുത്തിടെ ഒരു യുവതി ഇരയായെന്നും പോലീസ് ചൂണ്ടിക്കാട്ടി. ലിങ്കഡിന്‍ പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് തട്ടിപ്പുകാര്‍ കൂടുതലായും ജോലി വാദ്ഗാനം ചെയ്യുന്നത്. 

ഓണ്‍ലൈന്‍ റിക്രൂട്ട്്‌മെന്റ് നടത്തി ഇന്റര്‍വ്യൂവിലൂടെ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നുവെന്ന് കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇന്റര്‍വ്യൂ പ്രക്രിയയില്‍ റിക്രൂട്ട് ചെയ്യുന്നയാള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നമ്പര്‍, ജന്മദിനം, മറ്റ്  വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവ നല്‍കാന്‍ ആവശ്യപ്പെടുന്നു. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാല്‍ ഐഡന്റിറ്റി മോഷണം നടത്തുകയോ ഇത് മറ്റുള്ള ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നു. 

ബിസിനസ് പ്രൊഫഷണലുകള്‍ക്ക് ആശയവിനിമയം നടത്താനും പുതിയ കോണ്‍ടാക്ടുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്ന സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ലിങ്കഡിന്‍. സൈറ്റില്‍ അംഗമായിട്ടുള്ള ഓരോരുത്തരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാജ അക്കൗണ്ടുകള്‍, തെറ്റായ വിവരങ്ങള്‍, സംശയാസ്പദമായ പ്രവൃത്തികള്‍ എന്നിവ കണ്ടെത്തുന്നതിനും ഇവ പരിഹരിക്കുന്നതിനും കമ്പനി കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് കമ്പനിയുടെ പ്രതികരണം. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് വിവരം ലഭിക്കുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ വിവരമറിയിക്കുവാനും കമ്പനി ആവശ്യപ്പെടുന്നു. 

പാന്‍ഡെമിക്കിന്റെ സമയത്ത് നിരവധി പേര്‍ വര്‍ക്ക് ഫ്രം ഹോം ജോലി ഓപ്ഷനുകള്‍ തെരഞ്ഞെടുത്തതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകള്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ബെറ്റര്‍ ബിസിനസ് ബ്യൂറോ(ബിബിബി) കണക്കുകള്‍.