ഇൻഡിഗോ എയർലൈൻ ലോകത്ത് ആദ്യമായി 3- വേ റാംപ് സൗകര്യം ആരംഭിച്ചു

By: 600021 On: Aug 4, 2022, 4:24 PM

യാത്രക്കാർക്ക് വിമാനത്തിൽ നിന്നിറങ്ങാനുള്ള സമയം കുറയ്ക്കുന്നതിനായി 3- വേ റാംപ് സൗകര്യം ആരംഭിച്ചതായി ഇൻഡിഗോ വ്യാഴാഴ്ച അറിയിച്ചു. ലോകത്ത്‌ ആദ്യമായാണ് ഒരു ഫ്ലൈറ്റിൽ ഈ സംവിധാനം നിലവിൽ വരുന്നത്. സാധാരണയായി വിമാനങ്ങളിൽ രണ്ട് റാമ്പുകളാണ് യാത്രക്കാർക്ക് ഇറങ്ങാനായി  ഉള്ളത്. ഇനി മുതൽ മൂന്ന് റാമ്പുകളുടെ സൗകര്യം ലഭ്യമാകും. ഇതോടെ വിമാനത്തിൽ നിന്ന് പുറത്തെത്താൻ വേണ്ടിവരുന്ന സമയം 13-14 മിനിറ്റിൽ നിന്ന് 7-8 മിനിറ്റായി കുറയും. 

രണ്ട് ഫോർവേഡ്, ഒരു റിയർ റാമ്പ് എന്നിവയാണ് ഉണ്ടാകുക.  ഇൻഡിഗോയുടെ എല്ലാ A320 വിമാനങ്ങളിലും ഉടൻ ഈ സൗകര്യം നിലവിൽവരും. ഡൽഹി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിൽ ഈ സംവിധാനം ആരംഭിച്ചതായും 90 ദിവസത്തിനുള്ളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചു.
 
ഓഗസ്റ്റ് നാലിന് ഫ്ലൈറ്റ് സർവീസിന്റെ 16-ാം വാർഷികത്തോടനുബന്ധിച്ചു  യാത്രക്കാർക്ക് പ്രത്യേക വിമാനനിരക്കും ഇൻഡിഗോ അനുവദിച്ചിട്ടുണ്ട്. 1,616 രൂപ മുതൽ ആരംഭിക്കുന്ന യാത്രാനിരക്കിൽ ഓഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യാം. 2022 ഓഗസ്റ്റ് 18 മുതൽ 2023 ജൂലായ് 16 വരെയുള്ള യാത്രകൾക്കാണ് ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.