ജലനിരപ്പ് ഉയരുന്നതിനാൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം

By: 600021 On: Aug 4, 2022, 3:48 PM

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെ ഒഴിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി തൃശൂര്‍ കളക്ടര്‍ ഹരിത വി.കുമാര്‍ അറിയിച്ചു. നിലവില്‍ ജില്ലയില്‍ റെഡ് അലേര്‍ട്ടാണ് നിലനില്‍ക്കുന്നത്. പറമ്പിക്കുളത്ത് നിന്ന് വലിയ രീതിയില്‍ വെള്ളം ചാലക്കുടിയിലേക്ക് ഒഴുകുന്നുണ്ട്. അതേസമയം ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുമെന്ന പ്രവചനമാണ് നിലവില്‍ ഉള്ള സാഹചര്യത്തിലാണ് വെള്ളം കയറാന്‍ സാധ്യയുള്ള പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് നിര്‍ദേശം നൽകിയതെന്ന് കളക്ടര്‍ പറഞ്ഞു.
 
റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ആളുകളെ മാറ്റിപാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി പുഴയുടെ തീരത്താണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്ക നിലനില്‍ക്കുന്നത്. ഇവിടെ ഇന്നലെ തന്നെ വേണ്ടത്ര ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. കൂടാതെ എന്‍.ഡി.ആര്‍.എഫ് ടീമിനേയും ചാലക്കുടിയില്‍ നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ട വള്ളങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.