ഇന്ത്യയിലെ കോവിഡ് മരണങ്ങളുടെ കണക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു

By: 600021 On: Aug 4, 2022, 3:42 PM

കോവിഡ് മൂലം രാജ്യത്ത് 5,26,211 പേർ മരിച്ചതായി ആരോഗ്യമന്ത്രാലയം. ജൂലൈ 28 വരെയുള്ള കണക്കുകളാണ് ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ പുറത്തുവിട്ടത്. രാജ്യത്ത് ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേർ മരിച്ചു. 70424 പേർ മരിച്ച കേരളമാണ് രണ്ടാമത്. 
 
അതേ സമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുകയാണ്. കേരളം, മഹാരാഷ്ട്ര, തമിഴ‍്‍നാട്, കർണാടക സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൂടുതൽ രോഗബാധിതരുള്ളത്. തെലങ്കാനയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. മൂന്നാം തരംഗത്തിന് ശേഷം തെലങ്കാനയിൽ ഇതാദ്യമായി രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ഫെബ്രുവരി മാസത്തിന് ശേഷം ഇതാദ്യമായാണ് തെലങ്കാനയിൽ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. 
 
രാജ്യത്ത് ഇതുവരെ നൽകിയ  വാക്സീനുകളുടെ എണ്ണം 204.84 കോടി (2,04,84,30,732) കടന്നു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവരുടെ വിഭാഗത്തിൽ ഇതുവരെ 3.91 കോടിയിൽ കൂടുതൽ (3,91,64,000) ആദ്യ ഡോസ് വാക്സീൻ നൽകിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൗമാരക്കാർക്കുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 2022 മാർച്ച് 16ന് ആണ് ആരംഭിച്ചത്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 75 ദിവസത്തെ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി, 18നും 75നും ഇടയിൽ പ്രായമുള്ളവർക്കായി പ്രഖ്യാപിച്ച സൗജന്യ കരുതൽ ഡോസ് വിതരണം പുരോഗമിക്കുകയാണ്.