
ദുബായിൽ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചു റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി. ക്ലിക്ക് ആന്റ് ഡ്രൈവ് എന്ന നൂതന സംവിധാനത്തിലൂടെ ഡ്രൈവിങ് ലൈസന്‍സിനുള്ള നടപടികള്‍ പൂര്‍ണമായി ഡിജിറ്റലായി മാറ്റുകയാണ്. കൂടാതെ ഉപഭോക്താവിന്റെ അടുത്തെത്തി കാഴ്ച പരിശോധന നടത്തുന്ന മൊബൈല്‍ ഐ സൈറ്റ് ടെസ്റ്റിങ് സംവിധാനത്തിനും ആര്‍.ടി.എ തുടക്കമിട്ടിട്ടുണ്ട്.
ദുബായിലെ ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ലൈസന്‍സ് സംവിധാനങ്ങള്‍ ഡിജിറ്റല്‍, സ്‍മാര്‍ട്ട് പ്ലാറ്റ്ഫോമുകളിലേക്ക് മാറുകയാണെന്നും അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സംവിധാനങ്ങള്‍ ഒരുക്കുകയാണെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ വ്യക്തമാക്കി.
പുതിയ സംവിധാനം നിലവിൽ വരുമ്പോൾ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള സമയത്തില്‍ 75 ശതമാനം കുറവ് വരും. നിലവിലുള്ള 20 മിനിറ്റില്‍ നിന്ന് അഞ്ച് മിനിറ്റിലേക്ക് സേവനങ്ങളുടെ സമയ പരിധി എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നേരത്തെ 12 സ്റ്റെപ്പുകളിലൂടെ പൂര്‍ത്തിയായിരുന്ന നടപടിക്രമങ്ങള്‍ ഏഴ് സ്റ്റെപ്പുകളിലേക്ക് ചുരുങ്ങും.
ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വരുമ്പോൾ സ്‍മാര്‍ട്ട് ചാനലുകളിലൂടെയുള്ള പേപ്പര്‍ രഹിത സേവനങ്ങൾ ലഭ്യമാകും. നിലവിലുള്ള വാഹന ലൈസന്‍സിങ് സംവിധാനങ്ങളുടെ 50 ശതമാനത്തിലും മാറ്റം വരുത്താനാണ് ആര്‍.ടി.എയുടെ പദ്ധതി. ഈ വര്‍ഷത്തെ അവസാനത്തോടെയാണ് പദ്ധതി പൂര്‍ണമായി പ്രായോഗികമാകുക. സര്‍വീസ് സെന്ററുകള്‍ സന്ദര്‍ശിക്കാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നത് ഉള്‍പ്പെടെ ഇതിന്റെ ആദ്യഘട്ടം ഇപ്പോള്‍ തന്നെ പ്രായോഗികമായിട്ടുണ്ട്.