ഗുണ്ടാസംഘത്തിൽപ്പെട്ട 11 പേരെക്കുറിച്ച് മുന്നറിയിപ്പുമായി ബീ.സി പോലീസ് ഏജൻസി

By: 600021 On: Aug 4, 2022, 2:54 PM

ബീ.സി യിൽ സംഘം ചേർന്ന് അക്രമം നടത്തുന്ന 11 പേരെക്കുറിച്ച് പോലീസിന്റെ മുന്നറിയിപ്പ്. പ്രവിശ്യയിൽ നടന്ന നിരവധി കൊലപാതകങ്ങളിലും വെടിവയ്പ്പുകളിലും ഇവർക്ക് പങ്കുള്ളതായി സംയുക്ത വാർത്താസമ്മേളനത്തിൽ വിവിധ പോലീസ് ഏജൻസികൾ വ്യക്തമാക്കി. ലിസ്റ്റ് ചെയ്തിരിക്കുന്ന ഗുണ്ടാസംഘം അപകടകാരികളും ആളുകളെ ലക്ഷ്യംവച്ചുള്ള അക്രമം നടത്താൻ സാധ്യതയുള്ളവരുമാണെന്ന് സി.എഫ്.എസ്.ഇ.യു ​​അസിസ്റ്റന്റ് കമാൻഡർ മാനി മാൻ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനം തടസ്സപ്പെടുത്താൻ അക്രമികളുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ പിടിച്ചെടുക്കാൻ പോലീസ് ലക്ഷ്യമിടുന്നുണ്ട്.
 
ഷക്കീൽ ബസ്ര (28), അമർപ്രീത് സമ്ര (28), ജഗ്ദീപ് ചീമ (30), രവ്ന്ദർ ശർമ്മ (35), ബരീന്ദർ ധലിവാൾ (39), ആൻഡി സെന്റ് പിയറി (40), ഗുർപ്രീത് ധലിവാൾ (35), റിച്ചാർഡ് ജോസഫ് വിറ്റ്‌ലോക്ക് (40), സംരൂപ് ഗിൽ (29), സുംദിഷ് ഗിൽ (28), സുഖ്ദീപ് പൻസാൽ (33) എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
 
ലോവർ മെയിൻലാൻഡിലും മറ്റ് പ്രദേശങ്ങളിലും ഗുണ്ടാസംഘങ്ങളുടെ സാന്നിധ്യം ഉള്ളതിനാൽ വിവിധ പോലീസ് ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് നിർണായകമാണെന്ന് ഡെപ്യൂട്ടി ചീഫ് ഫിയോണ വിൽസൺ പറഞ്ഞു.
കുറ്റവാളികളിൽ നിന്ന് അകന്നു നിൽക്കാൻ പൊതുജനങ്ങൾക്ക് ഇത്തരം മുന്നറിയിപ്പ് നൽകുന്നത് അപൂർവമാണ്. ഒരു വർഷത്തിനുള്ളിൽ സി.എഫ്.എസ്.ഇ.യു ഇൽ നിന്നുള്ള രണ്ടാമത്തെ അറിയിപ്പാണിത്. മേൽപറഞ്ഞ കുറ്റവാളികൾ അക്രമണകാരികളായതിനാൽ അവരിൽ നിന്ന് അകന്ന് നിൽക്കാനാണ് പൊതുജനങ്ങൾക്കുള്ള നിർദേശം.