വൈദ്യശാസ്ത്ര രംഗത്തെ അത്ഭുത മനുഷ്യനായ ഒന്റാരിയോയിലെ ജനങ്ങളുടെ പ്രിയ ഡോക്ടര്‍ ഡോ. ചാള്‍സ് ഗോഡ്‌ഫ്രെ(105) അന്തരിച്ചു. 102 വയസ് വരെ ജോലി ചെയ്ത ഗോഡ്‌ഫ്രെ വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം മെഡിക്കല്‍ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചയാളുകളിരൊളായിരുന്നു അദ്ദേഹം. ജൂലൈ 24 ന് ഒന്റാരിയോയിലെ മഡോക്കിലുള്ള വസതിയില്‍ 105 ആം ജന്മദിനാഘോഷങ്ങള്‍ക്ക് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് അദ്ദേഹം വിടപറഞ്ഞത്.
102 വയസ് വരെ ടൊറന്റോയിലെ നാല് വ്യത്യസ്ത മെഡിക്കല്‍ ക്ലിനിക്കുകളില്‍ ആഴ്ചയില്‍ നാല് ദിവസം അദ്ദേഹം ജോലി ചെയ്തിരുന്നു. കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതോടെയാണ് അദ്ദേഹം പ്രാക്ടീസ് അവസാനിപ്പിച്ചത്.
1953 ല്‍ ടൊറന്റോ സര്‍വകലാശാലയില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ അദ്ദേഹം 20 വര്‍ഷത്തിലേറെ അധ്യാപകനായി സേവനമനുഷ്ഠിച്ചു. വൈദ്യ ശാസ്ത്ര രംഗത്തോടുള്ള അതിയായ താല്‍പ്പര്യവും രോഗികളോടും സഹപ്രവര്‍ത്തകരോടും സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ളവരോടും ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സ്‌നേഹവും പരിചരണവും ജനങ്ങളുടെ മനസ്സില്‍ വലിയൊരു സ്ഥാനമാണ് അദ്ദേഹം നേടിയതെന്ന് അദ്ദേഹത്തോടടുത്തവര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും ഉള്‍പ്പെടെ 20 ല്‍ അധികം രാജ്യങ്ങളില്‍ വിസിറ്റിംഗ് ഡോക്ടറായി സന്നദ്ധസേവനം നടത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കിയ പ്രിയ ഡോക്ടര്‍ക്ക് നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.