ഫോണ്‍ വിളിച്ച് പണം തട്ടല്‍: ടൊറന്റോയില്‍ യുവതിയെ അറസ്റ്റ് ചെയ്തു 

By: 600002 On: Aug 4, 2022, 11:35 AM


വയോജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന ഫോണ്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടൊറന്റോയില്‍ താമസിക്കുന്ന ഒരു യുവതിയെ അറസ്റ്റ് ചെയ്തു. 31 കാരിയായ കനേഡിയന്‍ പൗരത്വമില്ലാത്ത ഫൈലെക്ക സ്മിത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. 

പ്രായമായ കനേഡിയന്‍ പൗരനില്‍ നിന്നും 20,000 ഡോളറില്‍ കൂടുതല്‍ തട്ടിപ്പ് നടത്തിയെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പിനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ ആര്‍സിഎംപിയില്‍ നിന്നും ആര്‍സിഎംപി ഗ്രേറ്റര്‍ ടൊറന്റോ ട്രാന്‍സ്‌നാഷണല്‍ സീരിയസ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം (ടിഎസ്ഒസി)യൂണിറ്റിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് 2021 ഡിസംബറില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. 

'റീഡേഴ്‌സ് ഡൈജസ്റ്റ്' അല്ലെങ്കില്‍ 'പബ്ലിഷേഴ്‌സ് ക്ലിയറിംഗ് ഹൗസ്' എന്നിവയുടെ പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ആളുകളുമായി ബന്ധപ്പെടുന്നത്. കാര്‍ സമ്മാനമായി നേടിയിട്ടുണ്ടെന്നോ ക്യാഷ് പ്രൈസുകള്‍ നേടിയിട്ടുണ്ടെന്നോ അറിയിച്ച് ഫോണ്‍ വിളിക്കുന്ന ഇവര്‍ നികുതി, ഫീസ്, അല്ലെങ്കില്‍ ഡെലിവറി എന്നിവയ്ക്കായി ചെറിയ തുക അടയ്‌ക്കേണ്ടി വരുമെന്ന് ഇരകളെ വിശ്വസിപ്പിച്ചു. ഇതുപ്രകാരം തട്ടിപ്പുകാര്‍ നല്‍കുന്ന അക്കൗണ്ടുകളിലേക്ക് പണം അയച്ചു. കാനഡയില്‍ നിന്നും പണം ജമൈക്കയിലെ അക്കൗണ്ടിലേക്കാണ് അയച്ചത്. ഇതോടെയാണ് തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞത്. 

ഫൈലെക്ക സ്മിത്തിനെതിരെ വഞ്ചന, കുറ്റകൃത്യം നടത്തിയതിനു ശേഷം പണം കൈവശം വെക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.