ഒന്റാരിയോയില്‍ 423 മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചു 

By: 600002 On: Aug 4, 2022, 10:47 AM

ഒന്റാരിയോയില്‍ 400 ല്‍ അധികം മങ്കിപോക്‌സ് കേസുകള്‍ സ്ഥിരീകരിച്ചതായി പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്തു. സ്ഥിരീകരിച്ച മങ്കിപോക്‌സ് കേസുകളില്‍ ഭൂരിഭാഗവും(ഏകദേശം 78 ശതമാനം) റിപ്പോര്‍ട്ട് ചെയ്തത് ടൊറന്റോയിലാണെന്നും പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ അറിയിച്ചു. ജൂലൈ 28 മുതലുള്ള കണക്കുകള്‍ പ്രകാരം മങ്കിപോക്‌സ് കേസുകള്‍ 15 ശതമാനം ഉയര്‍ന്ന് 423 ആയി. 

ടൊറന്റോയില്‍ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് ടൊറന്റോ പബ്ലിക് ഹെല്‍ത്ത് അറിയിച്ചു. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഹാമില്‍ട്ടണില്‍ ഒമ്പത്, ഹാല്‍ട്ടണില്‍ ഏഴ്, ഡര്‍ഹാമില്‍ ആറ്, പീലില്‍ അഞ്ച്,
യോര്‍ക്കില്‍ മൂന്ന് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകളില്‍ രണ്ടെണ്ണം ഒഴികെ മറ്റെല്ലാവരും പുരുഷന്മാരാണ്. രോഗബാധിതരായവരുടെ ശരാശരി പ്രായം ഏകദേശം 36 വയസ്സാണ്. രോഗം ബാധിച്ച് 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും രണ്ട് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് ചെയ്യുന്നു.