ബീസിയില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി വ്യാജ ക്രെയ്ഗലിസ്റ്റ് പരസ്യങ്ങളില്‍ ഉപയോഗിച്ചു;  മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: Aug 4, 2022, 10:19 AM

 

ബീസിയിലെ ബേണബിയില്‍ ഒരാളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി വ്യാജ പരസ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിച്ചതായി പരാതി. മോഷണത്തിനിരയായ വ്യക്തിയുടെ ഐഡന്റിറ്റി ക്രെയ്ഗലിസ്റ്റിലെ വ്യാജ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ransomware ആക്രമണത്തിലൂടെയാണ് ഐഡന്റിറ്റി മോഷ്ടിക്കപ്പെട്ടത്. ഇത് ഡാര്‍ക്ക് വെബിലേക്ക് ചോര്‍ത്തിയതിനു ശേഷം വിവിധ തട്ടിപ്പുകള്‍ക്കായി ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് വാന്‍കുവറില്‍ വാടകക്കാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞ് വ്യാജ പരസ്യത്തിനായി ഈ ഐഡന്റിറ്റി ഉപയോഗിച്ചതായി പോലീസ് അറിയിച്ചു. 

വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തപ്പെടുകയോ പങ്കിടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ അത് തിരികെ ലഭിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ജനങ്ങള്‍ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പങ്കിടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും അത് തടയാന്‍ ഉചിതമായ സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുകയും ചെയ്യണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു.