ഒന്റാരിയോയിലെ നഴ്സുമാരില്‍ രണ്ട് പേരില്‍ ഒരാള്‍ ജോലി ഉപേക്ഷിക്കാന്‍ ആലോചിക്കുന്നുവെന്ന് പുതിയ സര്‍വേ റിപ്പോര്‍ട്ട്. പ്രവിശ്യയിലെ ഏതാണ്ട് 70 ശതമാനം നഴ്സുമാര്‍ പറയുന്നത് മതിയായ സമയവും വിഭവങ്ങളും ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്കാന് കഴിയുന്നില്ലെന്നാണ്. രജിസ്റ്റേര്‍ഡ് പ്രാക്ടിക്കല്‍ നഴ്സസ് അസോസിയേഷന്(WeRPN) നടത്തിയ സര്‍വേയിലാണ് പ്രവിശ്യയിലെ നഴ്സിംഗ് മേഖലയുടെ പരിതാപകരമായ അവസ്ഥ പുറത്തുവിട്ടത്. സര്‍വേയില്‍ പങ്കെടുത്ത 47 ശതമാനം നഴ്സുമാരും പറയുന്നത് നഴ്സിംഗ് ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയെന്നാണ്. 2020 ല്‍ 34 ശതമാനം നഴ്സുമാരുടെ അഭിപ്രായമായിരുന്നു ഇത്. രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും കൂടുതല്‍ പേര് ജോലി വിടുന്നതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയിരിക്കുകയാണ് എന്ന് സര്‍വേയില്‍ സൂചിപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള 55,000 രജിസ്റ്റേര്‍ഡ് പ്രാക്ടിക്കല്‍ നഴ്സുമാരെ പ്രതിനിധീകരിക്കുന്നതാണ് WeRPN. ഇവരില്‍ 763 പേരാണ് മേയ് 1 മുതല്‍ 9 വരെയുള്ള ഓണ്‍ലൈന്‍ സര്‍വേയില്‍ പങ്കെടുത്തത്.
മതിയായ സമയവും സ്റ്റാഫുകളുടെ കുറവും കാരണം 10 നഴ്സുമാരില്‍ ഏഴ് പേര് രോഗികളുടെ അവസ്ഥ അപകടത്തിലാകുന്നതിന് നേരിട്ട് സാക്ഷികളാകുന്നവരാണെന്നും സര്‍വേയിലെ കണ്ടെത്തലുകള്‍ പൊതുജനങ്ങളെ ഞെട്ടിപ്പിക്കുന്നതായിരിക്കുമെന്നും WeRPN ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡയാന് മാര്ട്ടിന് പറഞ്ഞു.
സര്‍വേയില്‍ 93 ശതമാനം നഴ്സുമാര്‍ കഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷമായി തങ്ങളുടെ ജോലിഭാരം വര്‍ധിച്ചതായി പറഞ്ഞു. 68 ശതമാനം പേര് രോഗികള്‍ക്ക് മതിയായ പരിചരണം നല്കാന് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. അഞ്ചില്‍ നാല് നഴ്സുമാര്‍ക്കും അവരുടെ തൊഴിലില്‍ ധാര്‍മികമായ സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി. 88 ശതമാനം നഴ്സുമാരും പറയുന്നത് ജീവനക്കാരുടെ കുറവ് തങ്ങളെ ബാധിച്ചിട്ടുണ്ടെന്നാണ്.
ജീവനക്കാരുടെ കുറവ് നികത്താന്‍ കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യേണ്ടി വന്നതായി പത്തില്‍ ഏഴ് പേര് പറഞ്ഞു. ഷിഫ്റ്റുകള്‍ അവസാനിച്ചാലും ശമ്പളമില്ലാതെ ഓവര്‍ടൈം ജോലി ചെയ്തതായി 39 ശതമാനം പേര് പറഞ്ഞു. ജോലി ഭാരം കൂടിയതോടെ വിശ്രമം കുറയുകയും ശാരീരികമായും മാനസികമായും സമ്മര്‍ദ്ദങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുവെന്നാണ് നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നത്.