ജൂണിൽ 22 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ നിരോധിച്ചതായി വാട്സ്ആപ്പ്

By: 600021 On: Aug 3, 2022, 3:59 PM

ജൂണിൽ 22 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി വാട്സാപ്പിന്റെ ഏറ്റവും പുതിയ പ്രതിമാസ കംപ്ലയിൻസ് റിപ്പോർട്ട്. ‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്ക്’ മൂലവും  അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന്  വാട്സാപ്പ് അറിയിച്ചു. പുതിയ റിപ്പോർട്ടിൽ ജൂൺ 1 മുതൽ 30 വരെയുള്ള വിവരങ്ങളാണ് ഉൾപ്പെടുന്നത്.  ജൂണിൽ ഇന്ത്യയിൽ നിന്ന് ലഭിച്ച 632 പരാതികളിൽ 24 അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കമ്പനിയുടെ നയങ്ങളും മാർഗനിർദ്ദേശങ്ങളും ലംഘിക്കുന്ന അക്കൗണ്ടുകൾ നിരോധിക്കുമെന്ന് വാട്സാപ് മുൻപ് വ്യക്തമാക്കിയിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും സ്ഥിരീകരിക്കാത്ത സന്ദേശം ഒന്നിലധികം കോൺടാക്‌റ്റുകളിലേക്ക് ഫോർവേഡ് ചെയ്താലും നിരോധനം ഏർപ്പെടുത്തിയേക്കാം. 
 
തെറ്റായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു എന്ന കാരണത്താൽ 2,210,000 അക്കൗണ്ടുകൾ നിരോധിച്ചിട്ടുണ്ട്. മറ്റ് ഉപയോക്താക്കളുടെ പരാതി കണക്കിലെടുത്ത് 64 അക്കൗണ്ടുകള്‍ നിരോധിച്ചതായും കമ്പനി അറിയിച്ചു. മേയിൽ 19 ലക്ഷവും ഏപ്രിലിൽ 16.66 ലക്ഷവും മാർച്ചിൽ 18 ലക്ഷം അക്കൗണ്ടുകളാണ് വാട്സാപ് നിരോധിച്ചത്. ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ്, 2021 അനുസരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തിറക്കുന്നത്.