കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ സാഹസിക യാത്രയ്ക്കിടെ അപകടം; മലയാളി യുവാവ് മരിച്ചു

By: 600021 On: Aug 3, 2022, 3:52 PM

കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്ക് സ്കേറ്റിങ് ബോർഡിൽ സാഹസിക യാത്ര നടത്തവെ തിരുവനന്തപുരം സ്വദേശിയായ യുവാവ് ഹരിയാനയിൽ വച്ച് ട്രക്ക് ഇടിച്ച് മരിച്ചു. യാത്ര പൂർത്തിയാക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെയാണ് അപകടം. വെഞ്ഞാറമൂട് പരിക്കപ്പാറ സുമയ്യ മൻസിലിൽ അലിയാരുകുഞ്ഞ്– ഷൈലബീവി ദമ്പതികളുടെ മകൻ അനസ് ഹജാസ് (31) ആണ് മരിച്ചത്. കന്യാകുമാരിയിൽ നിന്നു മെയ് 29 നായിരുന്നു 3600 കിലോമീറ്റർ നീണ്ട യാത്ര അനസ് ആരംഭിച്ചത്. 
 
ചൊവ്വാഴ്ച രാവിലെ 7.30ന് ഹരിയാനയിലെ പഞ്ചകുളയിൽ വച്ച് അപകടം സംഭവിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. അനസ് ഹജാസ് ഹരിയാനയിൽ പ്രവേശിച്ചപ്പോൾ പരിചയപ്പെട്ട മലയാളി സൈക്കിളിങ് താരങ്ങളാണ് ഉച്ചയോടെ ബന്ധുക്കളെ അപകട വിവരം അറിയിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ അനസ് ടെക്നോ പാർക്കിലും പിന്നീട് ,ബീഹാറിലെ സ്വകാര്യ സ്കൂളിലും ഉണ്ടായിരുന്ന ജോലി രാജിവച്ചാണ് സ്കേറ്റിങ് യാത്രകൾക്ക് തുടക്കമിട്ടത്. 
 
എല്ലാദിവസവും രാവിലെയും വൈകിട്ടും സമൂഹമാധ്യമത്തിൽ അനസ് യാത്രയുടെ സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മുതൽ സന്ദേശം ലഭിക്കാതെ വന്നതിനാൽ ബന്ധുക്കളും സുഹൃത്തുക്കളും പരിഭ്രാന്തരായി. തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ നിന്നുള്ള സന്ദേശമെത്തുന്നത്. യാത്ര പൂർത്തിയാക്കിയാൽ ഏറ്റവും കൂടുതൽ ദൂരം സ്കേറ്റിങ് ബോർഡിൽ യാത്ര ചെയ്ത ഏഷ്യയിലെ ആദ്യ വ്യക്തി എന്ന ബഹുമതി അനസിന് ലഭിക്കുമായിരുന്നു.
 
2 വർഷം മുമ്പാണ് അനസ് സ്കേറ്റിങ് ലോങ് ബോർഡ് വാങ്ങി ദീർഘദൂര യാത്രയ്ക്ക് പരിശീലനം ആരംഭിച്ചത്. കശ്മീർ യാത്ര തീരുമാനിച്ച് രണ്ടു ദിവസം കഴിഞ്ഞ് യാത്ര പുറപ്പെടുകയായിരുന്നു. ചരിവുള്ള റോഡിൽ സഞ്ചരിക്കുമ്പോൾ ബോർഡിന്റെ വേഗത നിയന്ത്രിക്കാൻ കയ്യിൽ പ്രത്യേക പാഡ് പിടിപ്പിച്ച് ബോർഡിൽ ഇരുന്ന് കൈ റോഡിൽ ഉരസി വേഗത നിയന്ത്രിച്ചാണ് യാത്ര ചെയ്തിരുന്നത്. ആദ്യ ദിവസങ്ങളിൽ 100 കിലോമീറ്റർ വരെ സഞ്ചരിച്ചിരുന്നുവെങ്കിലും പിന്നീട് 30–35 കിലോമീറ്ററായി യാത്ര ചുരുക്കിയിരുന്നു.