IELTS തട്ടിപ്പ്; ഇന്ത്യൻ യുവാക്കൾ അമേരിക്കയിൽ പിടിയിൽ

By: 600021 On: Aug 3, 2022, 3:42 PM

IELTS പരീക്ഷയിൽ തട്ടിപ്പ് നടത്തിയ ഇന്ത്യൻ യുവാക്കൾ അമേരിക്കയിൽ പിടിയിലായി. ദക്ഷിണ ഗുജറാത്തിൽ നവസാരി പട്ടണത്തിലെ ഒരു കേന്ദ്രത്തിൽ IELTS പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികളാണ് അമേരിക്കയിൽ വച്ച് പിടിക്കപ്പെട്ടത്.
2021 സെപ്റ്റംബർ 25 ന്  IELTS പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് “മികച്ച” സ്കോർ ലഭിച്ചിരുന്നു. തുടർന്ന്  സ്റ്റുഡൻറ് വിസയിൽ കാനഡയിലേക്ക് പോയ വിദ്യാർത്ഥികൾ ഈ വർഷം മാർച്ചിൽ കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലാകുകയായിരുന്നു.
 
അറസ്റ്റിലായ വിദ്യാർത്ഥികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജി ചോദിച്ച ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ ഉത്തരം നൽകാൻ ഇവർക്ക് കഴിയാതെ വന്നപ്പോഴാണ് IELTS ടെസ്റ്റ്‌ തട്ടിപ്പ് പുറത്തായത്. അതേസമയം ഇവർ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS -ൽ 6.5 മുതൽ 7 വരെ സ്കോറാണ് നേടിയിരിയ്ക്കുന്നത്. സംഭവത്തെ തുടർന്ന് ഗുജറാത്ത്‌ ഗവണ്മെന്റ് യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് കാനഡയിലെ കോളജുകളിൽ പ്രവേശനം നേടാനായി ഉയർന്ന IELTS ടെസ്റ്റ്‌ സ്കോർ തരപ്പെടുത്തി നൽകുന്ന സംഘത്തിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
IELTS -ൽ 5 അല്ലെങ്കിൽ 6 ബാൻഡുകൾ ലഭിക്കാൻ ഇംഗ്ലീഷിൽ ഏറെ മികവുപുലർത്തേണ്ട ആവശ്യമുള്ളപ്പോഴാണ് മെഹ്‌സാനയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള, ഒരു വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർത്ഥികൾക്ക് 6.5 നും 7 നും ഇടയിൽ സ്‌കോർ ലഭിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പരീക്ഷയ്ക്കിടെ ഹാളിലെ സി.സി.ടി.വി ഓഫാക്കിയതിനാൽ പരീക്ഷ നടത്തിയ ഏജൻസി സുതാര്യത പാലിച്ചിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.