സെൻട്രൽ ആൽബെർട്ടയിൽ 7 വയസുകാരന് കൂഗറിന്റെ ആക്രമണത്തിൽ പരിക്ക്

By: 600021 On: Aug 3, 2022, 3:30 PM

കഴിഞ്ഞ വീക്കെൻഡിൽ റോക്കി മൗണ്ടൻ ഹൗസിന് സമീപമാണ് 7 വയസുകാരനെ കൂഗർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കാർസൺ ഫ്യൂസർ എന്ന കുട്ടി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ആൾട്ടയിലെ ബസ്റ്റർ ക്രീക്കിന് സമീപമുള്ള ക്യാമ്പ് സൈറ്റിൽ  രണ്ട് സഹോദരിമാർക്കും കുടുംബസുഹൃത്തിനുമൊപ്പം കഴിയവേയാണ് കാർസണെ കൂഗർ ആക്രമിച്ചതെന്ന് കുട്ടിയുടെ മാതാവ് ചായ് ഫ്യൂസർ പറഞ്ഞു. കുട്ടികൾ ട്രൈലെറിലേക്ക് മടങ്ങവേ കൂഗർ കാർസന്റെ മേൽ ചാടി വീണ് തലയിലും കഴുത്തിലും പരിക്കേൽപ്പിക്കുകയായിരുന്നു.
 
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എഡ്മണ്ടണിലെ സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവം നടന്ന സ്ഥലത്ത് നിന്ന് 150 മീറ്റർ അകലെവച്ച് പിന്നീട് അക്രമകാരിയായ ഫീമെയിൽ കൂഗറിനെ ദയാവധം ചെയ്തതായി ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ് ഇൻസ്‌പെക്ടർ റോബ് കോഹട്ട് മാധ്യമങ്ങളെ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വരെ പ്രദേശം അടച്ചിട്ടു. പ്രകൃതിവിരുദ്ധമായ ഭക്ഷണ സ്രോതസ്സുകൾ കഴിക്കുകയോ മനുഷ്യർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ പതിവായി തീറ്റ തേടുകയോ ഭയപ്പെടുത്തുകയോ വളർത്തുമൃഗങ്ങളെയോ കന്നുകാലികളെയോ മനുഷ്യരെയോ ആക്രമിക്കുകയോ ചെയ്യുന്ന കൂഗറുകളെ ദയാവധം ചെയ്യാൻ കാനഡ കൗൺസിൽ ഓൺ അനിമൽ കെയർ ഗൈഡ്‌ലൈനുകൾ അനുമതി നൽകുന്നുണ്ട്.
 
അപൂർവമായാണ് കൂഗറുകൾ ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്ന് റോബ് കോഹട്ട് പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.
 
കൂട്ടമായി യാത്ര ചെയ്യുക, ബെയർ സ്പ്രേ പോലെയുള്ളവ കൈയിൽ കരുതുക, അകലെ വച്ചു കൂഗറിനെ കണ്ടാൽ ഓടുകയോ പുറകോട്ട് തിരിയുകയോ ചെയ്യരുത്, അപ്രതീക്ഷിതമായി കൂഗറിന്റെ മുന്നിൽ പെട്ടാൽ കുട്ടികളെയും വളർത്തുമൃഗങ്ങളെയും അടുത്ത് കൂട്ടുകയും സാവധാനം ആ പ്രദേശത്തിന് പുറത്തേക്ക് മടങ്ങുകയും ചെയ്യുക, കൂഗർ മൂളുകയും തുറിച്ച് നോക്കുകയും  ചലനങ്ങൾ ട്രാക്ക് ചെയ്യുകയും ആണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുക, കൂഗർ ആക്രമിക്കാൻ ശ്രമിച്ചാൽ കൈവശമുള്ള എല്ലാ മാർഗങ്ങളും ഉപയോഗിച്ച് അവയെ തടയാവുന്നതാണ്, ഇത്തരം അക്രമങ്ങൾ ഒഴിവാക്കാൻ പ്രധാനമായും വന്യജീവികൾക്ക് ഭക്ഷണം നൽകാതിരിക്കുക. കൂടുതൽ ടിപ്പുകൾ ഓൺലൈനിൽ ലഭ്യമാണ്.