
വനനശീകരണവും കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും വലിയ രീതിയിൽ വനങ്ങളെ ബാധിക്കുന്നതു മൂലം കഴിഞ്ഞ 60 വർഷങ്ങളായി ആഗോള വനവിസ്തൃതിയിൽ 81.7 ദശലക്ഷം ഹെക്ടർ കുറവ് വന്നതായി പഠനം. ആഗോള പ്രതിശീർഷ വനം 1960 ൽ 1.4 ഹെക്ടർ ആയിരുന്നത് 2019 ൽ 0.5 ഹെക്ടറായി. ആഗോള വനവിസ്തൃതിയിൽ 60 ശതമാനത്തിലധികം കുറവാണ് ഉണ്ടായിരിക്കുന്നത്.
തിങ്കളാഴ്ച എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച ജപ്പാനിൽ നിന്നുള്ള ഒരു സംഘം ഗവേഷകരുടെ കണ്ടെത്തലുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.1960 മുതൽ 2019 വരെ, ആഗോള വനവിസ്തൃതിയിൽ 81.7 ദശലക്ഷം ഹെക്ടർ കുറവ് വന്നുവെന്ന് ഗവേഷകർ പറയുന്നു. ഇത് തെക്കുകിഴക്കൻ ഏഷ്യയിലെ ബോർണിയോ ദ്വീപിനേക്കാൾ കൂടുതലാണ്. ആഗോള തലത്തിൽ 437.3 ദശലക്ഷം ഹെക്ടറിന്റെ വനനഷ്ടം ഉണ്ടായതിൽ 355.6 ദശലക്ഷം ഹെക്ടർ മാത്രമാണ് പുനസ്ഥാപിച്ചിട്ടുള്ളത്.
തുടർച്ചയായ വന നശീകരണം വന ആവാസവ്യവസ്ഥയുടെ സമഗ്രതയെ ബാധിക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കുറഞ്ഞത് 1.6 ബില്യൺ ആളുകളുടെ ജീവിതത്തെയും ഇത് ബാധിക്കുന്നു. വികസ്വര രാജ്യങ്ങളിൽ, വിവിധ ആവശ്യങ്ങൾക്കായി വനങ്ങളെ ആശ്രയിക്കുന്നതായും പഠനത്തിൽ പറയുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ, വനനഷ്ടത്തേക്കാൾ വന ലാഭം കൂടുതലാണ്.
ലോകത്തിൽ വനനശീകരണത്തിന്റെ പകുതിയിലധികവും ആമസോൺ മഴക്കാടുകളുടെ ആസ്ഥാനമായ ബ്രസീലിലാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 60 വർഷത്തിനിടെ 43.9 ദശലക്ഷം ഹെക്ടർ വനമേഖലയാണ് ബ്രസീലിന് നഷ്ടമായത്. 2022 ന്റെ ആദ്യ പകുതിയിൽ ആമസോണിൽ റെക്കോർഡ് അളവിൽ വനനശീകരണം നടന്നതായി സാറ്റലൈറ്റ് ഡാറ്റ കാണിക്കുന്നു.
കാനഡയിൽ 1960 മുതൽ 8.6 ദശലക്ഷം ഹെക്‌ടർ വനം നഷ്‌ടപ്പെട്ടതിൽ 5.7 ദശലക്ഷം ഹെക്ടർ മാത്രമാണ് തിരികെ നേടാനായത്. രാജ്യത്ത് 2.9 ദശലക്ഷം ഹെക്‌ടറിന്റെ വനനഷ്ടമുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങൾ ലോകമെമ്പാടുമുള്ള ചില പ്രദേശങ്ങളെ കൂടുതൽ ചൂടുള്ളതും വരണ്ടതുമാക്കിത്തീർക്കുകയും അത് തീവ്രമായ തീപിടുത്തത്തിന് ഇടയാകുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം വനങ്ങളും കാട്ടുതീ ഭീഷണിയിലാണ്. ബീ.സി.യുടെ ഉൾപ്രദേശങ്ങളിലെ കമ്മ്യൂണിറ്റികളിൽ തീപിടിത്ത ഭീഷണിമൂലം ആളുകൾ പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ലോകത്തിൽ അവശേഷിക്കുന്ന വനങ്ങളെ സംരക്ഷിച്ചും നശിച്ച വനപ്രദേശങ്ങൾ പുനഃസ്ഥാപിച്ചും ആഗോള വനനഷ്ടത്തിന്റെ അളവ് കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് ഗവേഷകർ പഠനത്തിൽ പറയുന്നു.