തിങ്കളാഴ്ച വൈകിട്ട് ക്യൂന്‍ എലിസബത്ത് II ഹൈവേയിലൂടെ സഞ്ചരിച്ച വാഹനങ്ങള്‍ക്ക് മേല്‍ ആലിപ്പഴം വീണത് വലിയ ആശങ്കയാണുണ്ടാക്കിയത്. വാഹനയാത്രക്കാരെ വലച്ച് ആലിപ്പഴം പതിച്ചത് ഗതാഗത തടസ്സവുമുണ്ടാക്കി. ശക്തമായ കാറ്റിനെതുടര്‍ന്നാണ് ആലിപ്പഴം വീഴാന്‍ തുടങ്ങിയത്.
ഗോള്‍ഫ് ബോള്‍, ടെന്നീസ് ബോള്‍ വലുപ്പത്തിലുള്ള ആലിപ്പഴം വീഴ്ചയുടെ ആഘാതത്തില്‍ ഏകദേശം 70 ഓളം വാഹനങ്ങള്‍ ആല്‍ബെര്‍ട്ടയിലെ ഇന്നിസ്‌ഫെയ്‌ലിനു സമീപം ഹൈവേയില്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് ആര്‍സിഎംപി പറഞ്ഞു. വൈകിട്ട് ആറ് മണിയോടു കൂടി പോലീസെത്തിയതിനു ശേഷമാണ് വാഹനങ്ങള്‍ നീങ്ങിത്തുടങ്ങിയത്. ആലിപ്പഴം വീഴ്ചയില്‍ ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും കാറുകളുടെ ചില്ലുകള്‍ പൊട്ടിയതായും കേടുപാടുകള്‍ സംഭവിച്ചതായും പോലീസ് അറിയിച്ചു.