ജീവനക്കാരുടെ കുറവ്:  സൗത്ത് കാല്‍ഗറി ഹെല്‍ത്ത് സെന്റര്‍ അര്‍ജന്റ് കെയര്‍ വിഭാഗത്തിന്റെ സമയം വെട്ടിക്കുറയ്ക്കുന്നു 

By: 600002 On: Aug 3, 2022, 7:53 AM


ജീവനക്കാരുടെ കുറവ് മൂലം സൗത്ത് കാല്‍ഗറി ഹെല്‍ത്ത്‌സെന്റര്‍(31 സണ്‍പാര്‍ക്ക് പ്ലാസ) അടിയന്തര പരിചണ വിഭാഗത്തിന്റെ(urgent care)  പ്രവര്‍ത്തന സമയം വെട്ടിക്കുറയ്ക്കുന്നു. സാധാരണയായി 14 മണിക്കൂറാണ് അര്‍ജന്റ് കെയറിന്റെ പ്രവര്‍ത്തനം. മതിയായ ജീവനക്കാര്‍ ഈ വിഭാഗത്തില്‍ സേവനത്തിനില്ലാത്തതിനാല്‍ പ്രവര്‍ത്തനസയം 12 മണിക്കൂറായി ചുരുക്കുകയാണെന്ന് ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ്(എഎച്ച്എസ്) അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ സമയമാറ്റം നിലവില്‍ വന്നു. ഇതനുസരിച്ച് രോഗികള്‍ക്ക് രാവിലെ 8 മണിക്കും രാത്രി 8 മണിക്കും ഇടയില്‍ മാത്രമേ അടിയന്തര പരിചരണം ലഭ്യമാകൂ. രാത്രി എട്ട് മണിക്ക് ശേഷം എത്തുന്ന രോഗികളെ അടിയന്തര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കില്ലെന്ന് എഎച്ച്എസ് അറിയിച്ചു. 

തിരക്കേറി വരുമ്പോള്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് ആവശ്യമായ പരിചരണവും ചികിത്സയും നല്‍കാനാകുമെന്ന് ഉറപ്പാക്കാന്‍ അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പെത്തിയ പുതിയ രോഗികളെ അടുത്തുള്ള ഹെല്‍ത്ത് കെയര്‍ സെന്ററിലേക്ക് റീഡയറക്ട് ചെയ്യുകയോ മാറ്റുകയോ ചെയ്യും. 

അടിയന്തര സാഹചര്യങ്ങളില്‍ ഏറ്റവും അടുത്തുള്ള എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിക്കുകയോ 911 എന്ന നമ്പറില്‍ വിളിച്ച് സഹായത്തിന് ആവശ്യപ്പെടുകയോ ചെയ്യാമെന്ന് എഎച്ച്എസ് അറിയിച്ചു. അല്ലെങ്കില്‍ ഏതൊക്കെ കെയര്‍ ഓപ്ഷനുകളാണെന്ന് തെരഞ്ഞെടുക്കാന്‍ സാധ്യമല്ലെങ്കില്‍ 811 എന്ന നമ്പറില്‍  ഹെല്‍ത്ത് ലിങ്കിലേക്ക് വിളിച്ച് രജിസ്റ്റേര്‍ഡ് നഴ്‌സില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാമെന്നും എഎച്ച്എസ് അറിയിച്ചു. 

സമയം വെട്ടിക്കുറയ്ക്കുന്ന സാഹചര്യത്തില്‍ തൊഴില്‍മേഖലയിലെ നിരവധി സമ്മര്‍ദ്ദങ്ങള്‍ മൂലം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് എഎച്ച്എസ് പ്രസ്താവനയില്‍ പറയുന്നത്.