'എയര്‍പോര്‍ട്ടില്‍ എങ്ങനെ സമയം ലാഭിക്കാം': പുതിയ ടിപ്പുമായി ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്

By: 600002 On: Aug 3, 2022, 7:26 AM


മറ്റ് രാജ്യങ്ങളില്‍ നിന്നും കാനഡയിലേക്ക് തിരിച്ചുള്ള യാത്രയില്‍ എയര്‍പോര്‍ട്ടില്‍ സമയം എങ്ങനെ ലാഭിക്കാം എന്നത് സംബന്ധിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്. അറൈവ്കാന്‍ ആപ്പില്‍( ArriveCan App) ഉള്‍പ്പെടുത്തിയിരിക്കുന്ന  പുതിയ അഡ്വാന്‍സ് ഡിക്ലറേഷന്‍ ഫീച്ചര്‍ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിലൂടെ എയര്‍പോര്‍ട്ട് നടപടികളില്‍ സമയം ലാഭിക്കാമെന്ന് പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് സോഷ്യല്‍മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. 

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സമയം ലാഭിക്കാന്‍ ഇത് സഹായകമാകുമെന്നാണ് ഇത് സംബന്ധിച്ച് കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സിയുടെ വാര്‍ത്താക്കുറിപ്പില്‍ വിലയിരുത്തുന്നത്. രാജ്യത്ത് എത്തിച്ചേരുന്നതിന് 72 മണിക്കൂര്‍ മുമ്പ് വരെ തങ്ങളുടെ കസ്റ്റംസ്, ഇമിഗ്രേഷന്‍ വിവരങ്ങള്‍ അറൈവ്കാനില്‍ നല്‍കിയാല്‍ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ സമയം ലാഭിക്കാന്‍ സാധിക്കും. 

ടൊറന്റോ പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട്, വാന്‍കുവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മോണ്‍ട്രിയല്‍- ട്രൂഡോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവടങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ഈ വര്‍ഷാവസാനം മറ്റ് വിമാനത്താവളങ്ങളിലേക്കും സേവനം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്കായി 
https://www.cbsa-asfc.gc.ca/services/border-tech-frontiere/declare-before-avant-eng.html?utm_campaign=cbsa-asfc-trvlmod-22-23&utm_source=twt&utm_medium=smo&utm_content=advdec-june-en