ഒന്റാരിയോയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കാന്‍ കൂടുതല്‍ അന്താരാഷ്ട്ര നഴ്‌സുമാരെ നിയമിക്കും: ആരോഗ്യമന്ത്രി 

By: 600002 On: Aug 3, 2022, 6:45 AM

 

ആശുപത്രി ജീവനക്കാരുടെ ക്ഷാമം മൂലം ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകള്‍ താല്‍ക്കാലികമായി അടയ്ക്കുകയും പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഒന്റാരിയോയില്‍ ജോലി ചെയ്യുന്ന, അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ പരിശീലനം നേടിയ നഴ്‌സുമാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി സില്‍വിയ ജോണ്‍സ് അറിയിച്ചു. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നഴ്‌സുമാരുടെ കോംപന്‍സേഷന്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചൊന്നും മന്ത്രി പ്രതികരിച്ചില്ല. 

ആരോഗ്യമന്ത്രാലയവും സര്‍ക്കാരും ആശുപത്രി മാനേജ്‌മെന്റും നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. അതിനാല്‍ അത്യാഹിത വിഭാഗങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. എന്നാല്‍ ചില സമയങ്ങളില്‍ അടച്ചുപൂട്ടലുകള്‍ ആവശ്യമായി വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുക എന്നത്. 

പാന്‍ഡെമിക്ക് ആരംഭിച്ചത് മുതല്‍ 7,000 നഴ്‌സുമാരും 2,400 പേഴ്‌സണല്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്‌സും ഉള്‍പ്പെടെ 10,000 ത്തിലധികം ആരോഗ്യപ്രവര്‍ത്തകരെ പ്രവിശ്യയില്‍ നിയമിച്ചതായി മന്ത്രി പറയുന്നു.  ഈ ശേഷി വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ അധിക നടപടികള്‍ കൈക്കൊള്ളും. അതിലൊന്നാണ് അന്തര്‍ദേശീയമായി പരിശീലനം നേടിയ ആരോഗ്യ പ്രവര്‍ത്തകരുടെ നിയമനം. പരിശീലനം പൂര്‍ത്തിയാക്കിയ നിരവധി പേര്‍ സര്‍ട്ടിഫിക്കേഷനായി കാത്തിരിക്കുന്നുണ്ടെന്ന് മന്ത്രി പരാമര്‍ശിച്ചു. ഇവരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.