വാഹനപരിശോധനയ്ക്കിടെ പോലീസ് ഓഫീസര്‍ വെടിയേറ്റുമരിച്ചു

By: 600084 On: Aug 2, 2022, 5:16 PM

പി പി ചെറിയാൻ, ഡാളസ്.

ഇന്ത്യാന: ഇന്ത്യാനയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് ഓഫീസര്‍ വെടിയേറ്റു മരിച്ചതായി ഇന്ത്യാന സ്റ്റേറ്റ് പോലീസ് സെര്‍ജന്റ് സ്‌കോട്ട് കീഗന്‍ ജൂലായ് 31 ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മിലിട്ടറിയില്‍ 5 വര്‍ഷത്തെ സേവനത്തിനുശേഷം എല്‍വുഡ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പതിനൊന്നു മാസം മുമ്പാണ് 24 വയസ്സുള്ള നോഹ ഷഹനാവാസ് പോലീസ് ഓഫീസറായി ചേര്‍ന്നത്. പുലര്‍ച്ച 2 മണിക്ക് സംശയം തോന്നിയ വാഹനം തടഞ്ഞു നിര്‍ത്തി പരിശോധനക്കിടയില്‍ കാറിലെ യാത്രക്കാരനായ നാല് വയസ്സുള്ള കാള്‍ റോയി കാറില്‍ നിന്നിറങ്ങി ഓഫീസര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിവെപ്പിനുശേഷം കാറില്‍ കയറി സ്ഥലം വിട്ട പ്രതിയെ പോലീസ് പിന്തുടര്‍ന്നാണ് പിടികൂടിയത്. കാറിന്റെ ടയറിനു നേരെ  പോലീസ് സ്‌പൈക്ക് ഉപയോഗിച്ചുവെങ്കിലും കാര്‍ നിര്‍ത്താതെ മുന്നോട്ടുപോയി. ടയര്‍പൊട്ടിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാല്‍ കാര്‍ മുന്നോട്ടു പോകല്‍ അസാധ്യമായി. പിന്നീട് ഐ.എസ്.പി.യുടെ നിര്‍ദ്ദേശമനുസരിച്ചു പ്രതി കീഴടങ്ങുകയായിരുന്നു. പ്രതിക്കെതിരെ കൊലപാതകം, ഫയര്‍ ആം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്തു കേസ്സെടുത്തിട്ടുണ്ട്. അപ്പനേയും, അമ്മയേയും സഹോരങ്ങളേയും തനിച്ചാക്കിയായിരുന്നു ചെറുപ്പക്കാരനായ പോലീസ് ഓഫീസര്‍ മരണത്തിലേക്ക് നീങ്ങിയത്.