ദോഹ ഹമദ് എയർപോർട്ട് വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 % വര്‍ധനയെന്ന് റിപ്പോർട്ട്‌

By: 600021 On: Aug 2, 2022, 3:10 PM

2022ന്റെ ആദ്യ പകുതിയില്‍ ദോഹ ഹമദ് എയർപോർട്ടിലൂടെയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ 164 ശതമാനത്തിന്റെ വര്‍ധനയെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.15,571,432 യാത്രക്കാരാണ് ഈ കാലയളവില്‍ വിമാനത്താവളത്തിലൂടെ കടന്നു പോയിട്ടുള്ളത്.
 
2021ല്‍ ഇതേ കാലയളവില്‍ 5,895,090 യാത്രക്കാരായിരുന്നു ഹമദ് എയർപോർട്ടിലൂടെ യാത്ര ചെയ്തത്. വിമാനങ്ങളുടെ വന്നു പോകലിലും 2022ല്‍ 33.2 ശതമാനം വര്‍ധനവുണ്ടായി. 2022 ആദ്യ പകുതിയില്‍ 100,594 വിമാനങ്ങളാണ് ഹമദ് എയർപോർട്ടിൽ വന്നുപോയത്. 2021ല്‍ ഇത് 75,533 ആയിരുന്നു. എന്നാല്‍ ചരക്കു വിമാനങ്ങളുടെ എണ്ണത്തില്‍ ആദ്യ ആറു മാസത്തിനിടെ 9.4 ശതമാനം കുറവ് രേഖപ്പെടുത്തി. ഒട്ടുമിക്ക രാജ്യങ്ങളിലും കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണവും വര്‍ധിച്ചത്.