കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം; റെക്കോർഡിട്ട് ഉമ്മൻ ചാണ്ടി

By: 600021 On: Aug 2, 2022, 3:03 PM

കേരളനിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്നതിന്റെ റെക്കോർഡ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്. 2022 ഓഗസ്റ്റ് 2  ന് 18728 ദിവസം (51 വർഷം മൂന്നേകാൽ മാസം) ആണ് അദ്ദേഹം പൂർത്തിയാക്കിയത്. ഇതുവരെ കെ.എം. മാണിയുടെ പേരിലായിരുന്നു റെക്കോർഡ്. ഓരോ നിയമസഭയും രൂപീകരിച്ച തീയതിയെ അടിസ്‌ഥാനമാക്കിയുള്ള കണക്കാണിത്. എന്നാൽ ഓരോ നിയമസഭയുടെയും പ്രഥമസമ്മേളനം / സത്യപ്രതിജ്ഞ നടന്ന തീയതിയെ അടിസ്‌ഥാനമാക്കുമ്പോൾ റെക്കോർഡ് ഭേദിക്കുന്നതിന് ഓഗസ്റ്റ് 11 വരെ കാത്തിരിക്കണം.
 
പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നു മാത്രം 1970 മുതൽ 2021 വരെ തുടർച്ചയായി 12 തവണ ഉമ്മൻ ചാണ്ടി വിജയിച്ചിട്ടുണ്ട്. രണ്ടു തവണ (2004–2006, 2011–2016) അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഒരു തവണ (2006–2011) പ്രതിപക്ഷ നേതാവായി. നാല് തവണ മന്ത്രിയുമായി. 
 
ഇതുവരെയുള്ള 970 എം.എൽ.എ മാരിൽ ഉമ്മൻ ചാണ്ടിയും കെ.എം.മാണിയും മാത്രമാണു നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയത്. കെ.ആർ. ഗൗരിയമ്മ (15544 ദിവസം), ബേബി ജോൺ (15184), പി.ജെ. ജോസഫ് (15072), സി.എഫ്. തോമസ് (14710) എന്നിവർ 40 വർഷത്തിലധികം വർഷം എം.എൽ.എ ആയവരാണ്.