മധ്യപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് 8 മരണം

By: 600021 On: Aug 2, 2022, 2:37 PM

മധ്യപ്രദേശിലെ ജബൽപുരിൽ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ എട്ടു പേർ മരിച്ചു. ഒൻപതു പേർക്കു ഗുരുതരമായി പരുക്കേറ്റു.  തീപിടിത്തമുണ്ടാകുമ്പോൾ മുപ്പത്തിയഞ്ചോളം പേർ ആശുപത്രിയിലുണ്ടെന്നാണ് വിവരം.
 
മരിച്ചവരിൽ ആശുപത്രി ജീവനക്കാരായ ന്യൂ കാഞ്ചൻപുർ സ്വദേശി വീർ സിങ്(30), സത്ന നാരായൺപുരിലെ സ്വാതി വർമ(24), നർസിങ്പുർ സ്വദേശി മഹിമ ജാതവ്(23) എന്നിവരെയും മഥോട്ട പത്താൻ റോഡിലെ ദുർഗേഷ് സിങ്(42), ഖമാപുരിലെ തൻമയ് വിശ്വകർമ(19) എന്നിവരെയും തിരിച്ചറിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ജബൽപുർ വിജയ് നഗറിൽ പ്രവർത്തിക്കുന്ന ന്യൂ ലൈഫ് മൾട്ടിസ്പെഷൽറ്റി ഹോസ്പിറ്റലിൽ തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ മൂന്നു നിലകെട്ടിടം പൂർണമായും കത്തിയമർന്നു.
 
നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.  രക്ഷാപ്രവർത്തനം പൂർത്തിയായതായും ഇവിടെ ചികിൽസയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായും ജബൽപുർ ചീഫ്  പൊലീസ് സൂപ്രണ്ട് അഖിലേഷ് ഗൗർ പറഞ്ഞു.തീപിടിത്തത്തിൽ എട്ടു പേർ മരിച്ചതായി ജബൽപുർ ജില്ലാ കലക്ടർ ഡോ. ടി. ഇളയരാജ സ്ഥിരീകരിച്ചു. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ജബൽപുർ എസ്‌പി സിദ്ധാർഥ് ബഹുഗുണ അറിയിച്ചു. മുപ്പതു കിടക്കകൾ ഉള്ള ആശുപത്രിയിൽ  വൈദ്യുതി നിലച്ചതിനെ തുടർന്ന് ജനററേറ്റർ പ്രവർത്തിപ്പിക്കവേ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് കരുതുന്നത്.
 
മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതവും ഗുരുതരമായി പരുക്കേറ്റവർക്ക് അര ലക്ഷം രൂപ വീതവും നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിലൂടെ അറിയിച്ചു. പരുക്കേറ്റവരുടെ പൂർണ ചികിൽസയും സർക്കാർ ഏറ്റെടുക്കുമെന്നും ഇതിനായി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർല, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.