കാംലൂപ്സ് ഫയർ സെന്റർ പരിധിയിൽ ക്യാമ്പ് ഫയറുകൾക്ക് നിരോധനം

By: 600021 On: Aug 2, 2022, 2:29 PM

ആളുകളുടെ അശ്രദ്ധമായ ഇടപെടൽ മൂലമുള്ള തീപിടിത്തങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ബീ. സി യിലെ കാംലൂപ്സ് ഫയർ സെന്ററിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ ക്യാമ്പ് ഫയറിന് നിരോധനം ഏർപ്പെടുത്തി. സതേൺ ഇന്റീരിയറിന്റെ ഭൂരിഭാഗവും ഉൾക്കൊള്ളുന്ന പ്രദേശത്ത് ഓഗസ്റ്റ് 4 ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന നിരോധനം ഒക്ടോബർ 15 ശനിയാഴ്ച വരെ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.
 
മേഖലയിൽ നിലവിൽ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ  ഉയർന്ന തീപിടുത്ത അപകടസാധ്യതയുള്ളതായി ബീ. സി വൈൽഡ്‌ഫയർ സർവീസ് പറയുന്നു. നേരത്തെ കാറ്റഗറി 2, കാറ്റഗറി 3 നിരോധനങ്ങൾ കൊണ്ടുവന്നതിന് പിന്നാലെയാണ് ഇപ്പോൾ ക്യാമ്പ് ഫയർ നിരോധനം ഏർപ്പെടുത്തുന്നത്. പ്രവിശ്യയിൽ ക്യാമ്പിംഗ് ഏറെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമായതിനാലും ആളുകൾ അത് ആസ്വദിക്കുന്നതിനാലും ക്യാമ്പ് ഫയർ  നിരോധനം നടപ്പിലാക്കുന്നതിനുള്ള തീരുമാനം വളരെ ഗൗരവമായി എടുക്കുന്നതായി ബീ.സി വൈൽഡ് ഫയർ സർവീസ് വെബ്‌സൈറ്റിൽ പറയുന്നു.
 
നിരോധനം ലംഘിക്കുന്ന ആളുകൾ 1,150 ഡോളറിന്റെ ടിക്കറ്റോ അല്ലെങ്കിൽ 10,000 ഡോളർ വരെ പിഴയോ നൽകേണ്ടിവരും.  കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടാൽ, $100,000 പിഴയൊടുക്കുണം. അല്ലെങ്കിൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. കൂടാതെ ആരുടെയെങ്കിലും അശ്രദ്ധമൂലം ഉണ്ടാകുന്ന കാട്ടുതീ അണയ്ക്കുന്നതിനാവശ്യമായ എല്ലാ ചിലവുകളും പ്രസ്തുത വ്യക്തികൾ നൽകേണ്ടി വരും.