ജന്മനായുള്ള കേള്‍വിക്കുറവ് മൂലം ജോഷ് ഫെല്‍ഡ്മാന്‍ എന്നയാള്‍ ലിപ് റീഡിംഗിനെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ പാന്‍ഡെമിക്കിന്റെ സമയത്ത് മാസ്‌കുകള്‍ വയ്‌ക്കേണ്ടി വരുന്നതിനാല്‍ മറ്റുള്ളവര്‍ സംസാരിക്കുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ ഫെല്‍ഡ്മാനെ പോലെ ബധിതരും മൂകരുമായവര്‍ക്ക് മറ്റുള്ളവരുടെ സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ തത്സമയ ട്രാന്‍സ്‌ക്രിപ്ഷനുകള്‍ നല്‍കുന്ന പുതിയ ഉല്‍പ്പന്നം സഹായത്തിനെത്തിയിരിക്കുകയാണ്. മറ്റൊരാളുടെ മുഖം പോലും കാണാതെ അവരുടെ സംസാരം പിന്തുടരാന്‍ സഹായിക്കുന്ന ഈ ഉപകരണം ബധിരര്‍ക്ക് വലിയൊരു സഹായകമാകുമെന്നത് ഉറപ്പാണ്.
ഇതൊരു കണ്ണടയാണ്. XRAI glass എന്ന ബ്രിട്ടീഷ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് Nreal സ്മാര്‍ട്ട് ഗ്ലാസ്സുകള്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ കണ്ണടകള്‍ക്ക് പിന്നില്‍. ബധിരരായ ദശലക്ഷകണക്കിനാളുകള്‍ക്ക് അവര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത നേരിട്ടുള്ള സംഭാഷണങ്ങള്‍ കണ്ണടയ്ക്കുള്ളിലെ സ്‌ക്രീനില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്ന സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി(AR) സാങ്കേതിക വിദ്യയാണ് ഗ്ലാസുകളുടെ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത്. കൂടാതെ ഒരു ഫോണ്‍ ആപ്പ് തത്സമയ ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കുന്നു. നിലവില്‍ ഈ ആപ്പ് ആന്‍ഡ്രോയിഡില്‍ മാത്രമേ പിന്തുണയ്ക്കൂ. എന്നാല്‍ ഐഫോണ്‍ ഉപയോഗത്തിനും കമ്പനി അംഗീകാരം തേടുന്നുണ്ട്. ഫോണ്‍ സ്പീക്കറിലാണെങ്കില്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ വായിക്കാനും സാധിക്കും. അതിനാല്‍ കണ്ണടകള്‍ക്ക് ഓഡിയോ സ്വീകരിക്കാനും കഴിയും. ഏത് ഭാഷയും കണ്ണടയ്ക്ക് വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.