ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പറന്ന യാത്രക്കാരന് പ്രഭാതഭക്ഷണത്തിന് കനത്ത വിലയാണ് നല്‍കേണ്ടി വന്നത്. എയര്‍പോര്‍ട്ടിലെ പരിശോധനയ്ക്കിടെ കണ്ടെത്തിയ മക്‌ഡൊണാള്‍ഡ്‌സിന്റെ അണ്‍ഡിക്ലയര്‍ ചെയ്ത പ്രഭാതഭക്ഷണത്തിന് 2,664 ഓസ്‌ട്രേലിയന്‍ ഡോളര്‍( ഏകദേശം 2,400 ഡോളര്‍) ആണ് യാത്രക്കാരന്‍ പിഴയൊടുക്കിയത്.
കഴിഞ്ഞയാഴ്ച ബാലിയില്‍ നിന്നും ഓസ്‌ട്രേലിയയിലെ ഡാര്‍വിന്‍ എയര്‍പോര്‍ട്ടിലെത്തിയ പേര് വെളിപ്പെടുത്താത്ത യാത്രക്കാരന്റെ ലഗേജില്‍ നിന്നും അണ്‍ഡിക്ലയര്‍ ചെയ്ത മുട്ടയും ബീഫ് സോസേജും മക്മഫിന്‍സും ഒരു ഹാം ക്രോസന്റും കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യാത്രക്കാരന് പിഴ ചുമത്തിയത്. ഇന്‍ഡോനേഷ്യയില്‍ ഫൂട്ട് ആന്‍ഡ് മൗത്ത് ഡിസീസ്(എഫ്എംഡി) രോഗം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ പുതിയ ബയോസെക്യൂരിറ്റി നിയമങ്ങള്‍ കൊണ്ടുവന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം.
എയര്‍പോര്‍ട്ടിലെ പരിശോധനകള്‍ക്കിടയില്‍ 'സിന്റ' എന്ന ബയോസെക്യൂരിറ്റി ഡിറ്റക്ടര്‍ നായ യാത്രക്കാരന്റെ റക്‌സാക്കില്‍ നിന്ന് ഫാസ്റ്റ് ഫുഡ് ഫുഡ് ഇനങ്ങളില്‍ പെടുന്ന അപകടസാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ അഗ്രികള്‍ച്ചര്‍, ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ബാലിയിലേക്കുള്ള വിമാനക്കൂലിയുടെ ഇരട്ടിയാണ് ഈ പിഴ. എന്നാല്‍ ഓസ്‌ട്രേലിയയുടെ കര്‍ശനമായ ബയോസെക്യൂരിറ്റി നടപടികള്‍ പാലിക്കാത്ത ആളുകള്‍ക്കുള്ള മുന്നറിയിപ്പാണിതെന്ന് അഗ്രികള്‍ച്ചര്‍, ഫിഷറീസ് മിനിസ്റ്റര്‍ മുറെ വാട്ട് പറഞ്ഞു. നടപടി പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട എന്നും അദ്ദേഹം വ്യക്തമാക്കി.