ആശുപത്രികളിലെ നഴ്‌സുമാരടക്കടമുള്ള ജീവനക്കാരുടെ കുറവ് രാജ്യത്തെ ആരോഗ്യ മേഖലയില്‍ പ്രതിസന്ധി തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനെതുടര്‍ന്ന് ആശുപത്രികളിലെത്തുന്ന രോഗികളും ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്നു. ദിവസങ്ങള്‍ കഴിയുംതോറും കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി റൂമുകളിലും ഐസിയുകളിലും ജോലി ചെയ്യുന്ന മുന്‍നിര പ്രവര്‍ത്തകര്‍ പറയുന്നു. ഒരു നഴ്‌സാകുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോള്‍ എത്ര പറഞ്ഞാലും പൊതുജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നില്ലെന്ന് ടൊറന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രപരിചരണ വിഭാഗം യൂണിറ്റ് നഴ്‌സ് ബിര്‍ജിത് ഉമൈഗ്ബ പറയുന്നു.
കോവിഡ് പാന്‍ഡെമിക്കില്‍ ഇടവേളകളില്ലാതെ അവധികളൊന്നുമില്ലാതെ വിശ്രമമില്ലാതെ ജോലി ചെയ്തവരാണ് നഴ്‌സുമാര്‍. തങ്ങള്‍ ശരിക്കും ക്ഷീണിതരാണെന്ന് ഉമൈഗ്ബ പറയുന്നു. പാന്‍ഡെമിക്കിനു ശേഷവും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ല. യഥാര്‍ത്ഥത്തില്‍ കൂടുതല്‍ മോശമായ അവസ്ഥയാണിപ്പോഴെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഒന്റാരിയോയിലുടനീളമുള്ള നിരവധി ആശുപത്രികള്‍ ഈ വാരാന്ത്യത്തില്‍ സേവനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. എമര്‍ജന്‍സി റൂമുകളിലെയും ഐസിയുവികളിലെയും സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ സമയം കുറയ്ക്കുകയോ ചെയ്യുന്നതായി ചില ആശുപത്രികള്‍ അറിയിച്ചിരുന്നു. രാജ്യത്തെ മിക്ക പ്രവിശ്യകളിലും സ്ഥിതി സമാനമാണ്. ബീസിയില്‍ നാല് ആശുപത്രികളിലെ എമര്‍ജന്‍സി റൂമുകള്‍ ജൂലൈ പകുതിയോടെ താല്‍ക്കാലികമായി അടച്ചിരുന്നു. ന്യൂ ബ്രണ്‍സ്‌വിക്കില്‍ ജീവനക്കാരുടെ കുറവ് കാരണം എമര്‍ജന്‍സി റൂമുകള്‍ക്ക് അവരുടെ സമയം വെട്ടിക്കുറയ്‌ക്കേണ്ടതായി വന്നു.
നഴ്‌സുമാര്‍ കൂട്ടമായി ജോലിയില്‍ നിന്നും പിരിഞ്ഞുപോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ പ്രധാനപ്പെട്ട കാരണമാണ്. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് ഈ വര്‍ഷം നടത്തിയ സര്‍വേയില്‍ ആശുപത്രികളിലെ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരില്‍ 87 ശതമാനം പേരും മോശം തൊഴില്‍ സാഹചര്യങ്ങളും രോഗികളുടെ കുടുംബങ്ങളില്‍ നിന്നും സ്ഥാപനത്തിലെ മറ്റുള്ളവരില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന ദുരനുഭവങ്ങള്‍ കാരണം ജോലി ഉപേക്ഷിക്കുന്നതായി കണ്ടെത്തിയിരുന്നു.