ഒന്റാരിയോയിലെ അജാക്‌സില്‍ വെടിവെപ്പ്: ആറ് പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

By: 600002 On: Aug 2, 2022, 8:28 AM

 

ഒന്റാരിയോയിലെ അജാക്‌സിലുണ്ടായ ഡ്രൈവ്-ബൈ ഷൂട്ടിംഗിനിടെ ആറ് പേര്‍ക്ക് വെടിയേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൈവേ 401 ല്‍ 154 ഹാര്‍വുഡ് അവന്യൂവിലെ ഒരു പ്ലാസയ്ക്ക് പിന്നിലാണ് വെടിവെപ്പുണ്ടായത്. ഒരു റെസ്റ്റോറന്റില്‍ മണിക്കൂറുകള്‍ക്ക് മുമ്പ് നടന്ന പാര്‍ട്ടിക്കിടെയാണ് വെടിവെപ്പുണ്ടായതെന്ന് ഡര്‍ഹാം പോലീസ് പറഞ്ഞു. മൂന്ന് പുരുഷന്മാര്‍ക്കും മൂന്ന് സ്ത്രീകള്‍ക്കുമാണ് വെടിയേറ്റത്. വെടിയേറ്റവരെ ജിടിഎയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. 

ഇരുണ്ട നിറമുള്ള ഒരു വാഹനത്തില്‍ പ്രതി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. വെടിയേറ്റവര്‍ക്കോ പ്രതിക്കോ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. വെടിയേറ്റവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുകയാണ്. 

പ്രദേശത്തെ സിസിടിവി  ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നതായും പോലീസ് അറിയിച്ചു.