ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് കായംകുളത്ത് പ്രവർത്തന സജ്ജമായി

By: 600021 On: Aug 1, 2022, 12:38 PM

രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റായ 92 മെഗാവാട്ട് ശേഷിയുള്ള കായംകുളം എന്‍.ടി.പി.സി ഫ്ലോട്ടിങ് സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി  നിർവഹിച്ചു. 450 ഏക്കർ കായൽ പ്രദേശത്താണ് ഫ്ലോട്ടിങ്‌ സോളാർപാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. നാഫ്ത ഉപയോഗിചുള്ള വൈദ്യുതി ഉൽപ്പാദനം നിർത്തിയതോടെ കായംകുളത്ത് സൗരോർജ വൈദ്യുതി പദ്ധതിയിലേക്ക് എന്‍.ടി.പി.സി മാറുകയായിരുന്നു.
 
ആദ്യ ഘട്ടത്തിൽ 57മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചിരുന്നത്. പദ്ധതിയുടെ അവസാന ഘട്ടമായി 35 മെഗാവാട്ടിന്റെ ഫ്‌ളോട്ടിംഗ് സോളാർ പവർ കൂടി സ്ഥാപിച്ചതോടെ കായംകുളം എൻ.ടി.പി.സി യിൽ നിന്നുള്ള വൈദ്യുതി ഉത്പാദനം 92 മെഗാവാട്ടായി വർധിച്ചു. 450 കോടി രൂപയാണ് പദ്ധതിക്ക് ചിലവായത്. ഇവിടെ 2.16 ലക്ഷം പാനലുകളാണ് വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. യൂണിറ്റിന് മൂന്നുരൂപ 17 പൈസ നിരക്കിൽ 25 വർഷത്തേക്ക് കെ.എസ്.ഇ.ബി ക്കാണ് എന്‍.ടി.പി.സി വൈദ്യുതി നൽകുന്നത്.