മാധ്യമ പ്രവർത്തകൻ ആർ.ഗോപീകൃഷ്ണൻ അന്തരിച്ചു

By: 600021 On: Aug 1, 2022, 12:26 PM

മുതിർന്ന മാധ്യമ പ്രവർത്തകനും മെട്രോ വാർത്ത ചീഫ് എഡിറ്ററുമായിരുന്ന  ആർ.ഗോപീകൃഷ്ണൻ (67) അന്തരിച്ചു. സംസ്ഥാന സർക്കാരിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം രണ്ടു തവണ ലഭിച്ചിട്ടുണ്ട് (1985,1988). കൂടാതെ 1989ലെ എം.ശിവറാം അവാർഡ്, വി.കരുണാകരൻ നമ്പ്യാർ അവാർഡ് , കെ.സി സെബാസ്റ്റ്യൻ അവാർഡ് , സി.എച്ച്.മുഹമ്മദ് കോയ അവാർഡ് എന്നിവയും ലഭിച്ചു. ഡാൻ ബ്രൗണിന്റെ പ്രശസ്തമായ ഡാവിഞ്ചി കോഡ് പുസ്തകത്തിന്റെ മലയാള പരിഭാഷൻ ആയിരുന്നു.
 
മൂവാറ്റുപുഴ നിർമല കോളജ്, പെരുന്ന എൻ.എസ്.എസ് കോളജ്, ബൾഗേറിയയിലെ ജോർജ് ദിമിത്രോവ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായിരുന്നു ആർ.ഗോപീകൃഷ്ണന്റെ വിദ്യാഭ്യാസം. ദീപികയിൽ കരിയർ ആരംഭിച്ച അദ്ദേഹം മംഗളം, കേരളകൗമുദി, മെട്രോവാർത്ത എന്നിവിടങ്ങളിലും സേവനം അനുഷ്ഠിച്ചു. ഗോപീകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ.വാസവൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.