
ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നായ ലോലപലൂസ നടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാകാൻ ഇന്ത്യ ഒരുങ്ങുന്നു. 2023 ഇൽ മുംബൈയിലാണ് സംഗീത പരിപാടി നടക്കുക. സാധാരണഗതിയിൽ രണ്ട് മുതൽ നാല് ദിവസം വരെ നീണ്ടുനിൽക്കുന്ന സംഗീതോത്സവമാണ് ലോലപലൂസയിൽ ഉണ്ടാവുക. ഇന്ത്യൻ എഡിഷനിൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നടക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ എഡിഷനിൽ ഏതൊക്കെ കലാകാരന്മാരാണ് എത്തുക എന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. അറുപതിനായിരത്തിലധികം ആരാധകർക്ക് പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുക. അതേസമയം വ്യാഴാഴ്ച ഷിക്കാഗോയിൽ ആരംഭിച്ച ഈ വർഷത്തെ ലോലപലൂസ ഞായറാഴ്ച്ച സമാപിച്ചു.
അമേരിക്കൻ ഗായകനായ പെറി ഫരലാണ് 1991ൽ ലോലപലൂസ (അസാധാരണമായത്) ആരംഭിക്കുന്നത്. ജെയ്ൻസ് അഡിക്ഷൻ എന്ന മ്യൂസിക് ബാൻഡിന്റെ ഭാഗമായിരുന്ന പെറി തങ്ങളുടെ വിടവാങ്ങൽ ടൂർ എന്ന നിലയിലാണ് പരിപാടി ആരംഭിച്ചത്. വൈകാതെ തന്നെ ലോലപലൂസയെ ലോകമെമ്പാടുമുള്ള സംഗീത പ്രേമികൾ ഏറ്റെടുക്കുകയായിരുന്നു.