മോണ്‍ട്രിയലില്‍ ആംബുലന്‍സിനായി 11 മണിക്കൂറിലധികം കാത്തിരുന്ന 65 വയസ്സുള്ള മൈറോണ്‍ എന്നയാള്‍ മരിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് മകള്‍ സ്‌റ്റെഫാനി സൈബ്രിവ്‌സ്‌കി. മെയ് 14 നാണ് സംഭവം നടന്നത്. രാവിലെ 5.20 ഓടെ 911 ല്‍ വിളിച്ച് ആംബുലന്‍സിനായി മൈറോണ്‍ അപേക്ഷിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തലയിടിച്ചു വീണിരുന്നുവെന്നും ഇപ്പോള്‍ എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണെന്നും ഡിസ്പാച്ചറെ അറിയിച്ചു. കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പറ്റാത്തതിനാല്‍ അദ്ദേഹം ആംബുലന്‍സിനായി അപേക്ഷിച്ചു.
പാരാമെഡിക്കുകള്‍ എത്താന്‍ ഏഴ് മണിക്കൂര്‍ വരെ സമയം എടുക്കുമെന്നും സ്ഥിതി വഷളായാല്‍ തിരികെ വിളിക്കാനും പറഞ്ഞ് ഡിസ്പാച്ചര്‍ ഫോണ്‍ വെച്ചു. മൈറോണ്‍ വീണ്ടും 15 മിനുറ്റുകള്‍ക്ക് ശേഷം വിളിച്ചു... രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം വിളിച്ചു. എന്നാല്‍ കാത്തിരിക്കാനായിരുന്നു നിര്‍ദ്ദേശം. തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിനൊരു സന്ദേശം ലഭിച്ചു. എന്നാല്‍ വിളിച്ചപ്പോള്‍ പ്രതികരണമൊന്നും ലഭിച്ചില്ല. ഒടുവില്‍ 11 മണിക്കൂറിനു ശേഷം വൈകിട്ട് 4.50 ന് പാരാമെഡിക്കുകള്‍ എത്തിയപ്പോഴേക്കും മൈറോണ്‍ മരിച്ചിരുന്നു.
ആംബുലന്‍സിനായി വിളിക്കുമ്പോള്‍ ആവശ്യം പരിഗണിക്കുകയും ഉടന്‍ ആംബുലന്‍സ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നെങ്കില്‍ തനിക്ക് അച്ഛനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സ്റ്റെഫാനി പറഞ്ഞു. ഇത് ചോദ്യം ചെയ്യപ്പെടേണ്ട കാര്യമാണെന്ന് സ്റ്റെഫാനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിളിച്ചപ്പോള്‍ ആരോഗ്യസംബന്ധമായ ഒരു വിവരവും തന്റെ അച്ഛനോട് ചോദിച്ചിരുന്നില്ലെന്ന് സ്‌റ്റെഫാനി പറയുന്നു. ഒറ്റയ്ക്കാണോ താമസിക്കുന്നതെന്നോ, സഹായത്തിന് വിളിക്കാന്‍ ആരെങ്കിലുമുണ്ടോയെന്നു പോലും അന്വേഷിച്ചില്ലെന്ന് സ്‌റ്റെഫാനി കുറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനകരമായി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് സ്റ്റെഫാനി ചൂണ്ടിക്കാട്ടി. കൂടുതല്‍ വിഭവങ്ങള്‍ നല്‍കിക്കൊണ്ട് അടിയന്തര പ്രതികരണ സംവിധാനം മെച്ചപ്പെടുത്താനും സ്റ്റെഫാനി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.