യൂട്യൂബ് വിഡിയോ കൂടുതൽ ആളുകളിൽ എത്തിക്കാൻ പുതിയ ടൂൾ നിലവിൽ വന്നു

By: 600021 On: Aug 1, 2022, 11:51 AM

വീഡിയോ ക്രിയേറ്റർമാർക്ക് അവരുടെ ഉള്ളടക്കം കൂടുതൽ പേരിലേക്ക് എത്തിക്കാൻ സഹായിക്കുന്ന പുതിയ ടൂൾ യൂട്യൂബ് അവതരിപ്പിച്ചു. പുതിയ ടൂൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് നിലവിലുള്ള ദൈർഘ്യമേറിയ യൂട്യൂബ് വിഡിയോകളിൽ നിന്ന് 60 സെക്കൻഡ് വരെയുള്ള വിഡിയോ നിർമിക്കാൻ   സാധിക്കും. ഇതോടൊപ്പം യൂട്യൂബിൽ സാധാരണയായി ലഭിക്കുന്ന അതേ എഡിറ്റിങ് ടൂളുകൾ ഉപയോഗിച്ച് ഇവ ഷോര്‍ട്സ് ആക്കി മാറ്റാനും കഴിയും.
 
ദൈർഘ്യമേറിയ വിഡിയോകളിൽ നിന്നെടുക്കുന്ന ക്ലിപ്പുകളിലേക്ക് ടെക്‌സ്‌റ്റും ഫിൽട്ടറുകളും മറ്റും ആഡ് ചെയ്യാനും കഴിയും. ക്രീയേറ്റർക്ക് ടൈംലൈൻ എഡിറ്റർ ലഭിക്കും. ഉപയോക്താക്കൾക്ക് ക്യാമറ ഉപയോഗിച്ച് കൂടുതൽ ഷോർട്സ് വിഡിയോകൾ ഷൂട്ട് ചെയ്യാനും അവരുടെ ഗാലറിയിൽ നിന്ന് 60 സെക്കൻഡിൽ താഴെയുള്ള വിഡിയോയുടെ ഒരു ഭാഗം തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യാനും ഒരു ഓപ്ഷൻ ലഭിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കി.
 
മറ്റു യൂട്യൂബ് വിഡിയോകളിൽ നിന്ന് സൃഷ്‌ടിച്ച ഷോർട്സ് വഴി ദൈർഘ്യമേറിയ വിഡിയോകളിലേക്ക്  ലിങ്ക് ചെയ്യാമെന്നും അതുവഴി ഷോർട്സ് കാണുന്നവർക്ക് യഥാർഥ വിഡിയോയിലേക്കെത്താൻ കഴിയുമെന്ന് യുട്യൂബ് വ്യക്തമാക്കി. ദൈർഘ്യമേറിയ വിഡിയോ കാണുന്നതിന് പകരം ചെറിയ വിഡിയോകൾ കാണുന്നത് എളുപ്പമായതിനാൽ അവരുടെ ദൈർഘ്യമേറിയ വിഡിയോയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഒരു ചെറിയ ക്ലിപ്പിൽ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഉള്ളടക്ക സ്രഷ്‌ടാക്കളെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗമായാണ് ഇത് കണക്കാക്കുന്നത്.