
ഇന്ത്യയിൽ ആദ്യ മങ്കിപോക്സ് മരണം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മരിച്ച തൃശൂർ കുരഞ്ഞിയൂർ സ്വദേശിയായ യുവാവിൻ്റെ സ്രവം പൂനെ വൈറോളജി ലാബിൽ പരിശോധിച്ചതിലൂടെയാണ് മരണം മങ്കിപോക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ മരണകാരണം മങ്കിപോക്സ് ആണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇത് ഉറപ്പിക്കുന്നതിനായാണ് സാമ്പിൾ പൂനെയിലേക്കയച്ചത്.
മങ്കിപോക്സ് സ്ഥിരീകരിച്ചയാളുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ നാളെ തൃശൂരിലെ പുന്നയൂര്‍ പഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ പ്രതിരോധ ക്യാമ്പയിന്‍ നടക്കും. മെഡിക്കല്‍ സംഘം വീടുകളിലെത്തി നേരിട്ട് ബോധവല്‍ക്കരണം നടത്തും.
മരിച്ച യുവാവുമായി അടുത്ത് ഇടപഴകിയവരും ഒപ്പം ഫുട്‌ബോള്‍ കളിച്ചവരും ഇപ്പോള്‍ നീരീക്ഷണത്തിലാണ്. ഫുട്‌ബോള്‍ കളിച്ച ശേഷം വീട്ടിലെത്തിയ യുവാവ് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
അതിനിടെ, ഇന്ത്യയിൽ കണ്ടെത്തിയ മങ്കിപോക്സ് യൂറോപ്പിലെ വകഭേദമല്ലെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കി. യൂറോപ്പിൽ അതീവ വ്യാപനശേഷിയുള്ള ബി-വൺ വകഭേദമാണുള്ളത്. കേരളത്തിൽ രോഗംബാധിച്ച രണ്ടുപേരുടെ സാംപിളുകൾ ജനിതകശ്രേണീകരണത്തിന് വിധേയമാക്കിയപ്പോൾ എ- ടു വകഭേദമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് താരതമ്യേന വ്യാപനശേഷി കുറവാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഠനം നടത്തിയ പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെയും ഐ.സി.എം.ആറിലെയും ശാസ്ത്രജ്ഞർ അറിയിച്ചു.