കാല്‍ഗറിയിലെ ഗാരി അവെര്‍ബാക്കിന് പ്രായം 79. എന്നാല്‍ ഒരു യുവാവിന്റെ ദൃഢനിശ്ചയത്തോടെ, മനക്കരുത്തോടെ, ഊര്‍ജസ്വലനായി അദ്ദേഹം നടന്നുകൊണ്ടിരിക്കുകയാണ്. കാല്‍ഗറിയില്‍ നിന്നും വാന്‍കുവറിലേക്ക് കാല്‍നടയായി ഒരു വ്യക്തിഗത ദൗത്യത്തിലാണ് ഗാരി അവെര്‍ബാക്ക്. കാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായത്തിനും കാന്‍സര്‍ രോഗ റിസര്‍ച്ചിനുള്ള പിന്തുണയ്ക്കുമാണ് അവെര്‍ബാക്ക് പ്രായം ഒരു തടസ്സമാകാതെ നടന്നുകൊണ്ടിരിക്കുന്നത്.
പതിവായി നടക്കുന്നൊരാളാണ് താന്‍. അതിനാല്‍ കാല്‍ഗറി മുതല്‍ വാന്‍കുവര്‍ വരെയുള്ള ആയിരം കിലോമീറ്റര്‍ ദൂരം തനിക്ക് അനായാസം തണ്ടാന്‍ സാധിക്കുമെന്നാണ് അദ്ദേഹം ആത്മവിശ്വാസത്തോടെ പറയുന്നത്. കാന്‍സര്‍ ബാധിച്ച് മരിച്ച തന്റെ സുഹൃത്ത് ബോബിന്‍ മരിക്കുന്നതിനു മുമ്പ് നടത്തിയ അഭ്യര്‍ത്ഥനയാണ് നടത്തം ആരംഭിക്കാനുള്ള കാരണമെന്ന് അവെര്‍ബാക്ക് പറയുന്നു. മരണക്കിടക്കയില്‍ വെച്ച് അദ്ദേഹം തന്റെ കൈ പിടിച്ച് കാന്‍സറിന് പ്രതിവിധി കണ്ടെത്തുന്നതിന് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ബോബിന്റെ മരണശേഷം തന്റെ കുടുംബത്തിലെ ചില ബന്ധുക്കള്‍ക്കും വീട്ടുവേലക്കാരനും കാന്‍സര്‍ ബാധിച്ചു. പ്രിയപ്പെട്ടവര്‍ കാന്‍സര്‍ ബാധിതരാകുന്നത് കണ്‍മുന്നില്‍ കണ്ട അവെര്‍ബാക്ക് അവര്‍ക്കു വേണ്ടി തന്നെ കൊണ്ട് സാധിക്കുന്നതെങ്കിലും ചെയ്യണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് നടന്നുകൊണ്ട് തന്നാല്‍ കഴിയുന്നത് കാന്‍സര്‍ രോഗികള്‍ക്കായി ചെയ്യാമെന്ന ആശയം ഉണ്ടായത്.
അങ്ങനെ, ബോബ്‌സ് വാക്ക് ഫോര്‍ കാന്‍സര്‍ റിസര്‍ച്ച് ഫണ്ട്‌റൈസര്‍ സമാരംഭിച്ചുകൊണ്ട് അവെര്‍ബാക്ക് നടത്തമാരംഭിച്ചു. ജൂണ്‍ 25 ന് കാല്‍ഗറിയില്‍ ആരംഭിച്ച നടത്തം ഇതിനകം 800 കിലോമീറ്ററിലധികം കീഴടക്കി. ബീസി കാന്‍സര്‍ ഫൗണ്ടേഷനു വേണ്ടി അദ്ദേഹം 400,000 ഡോളറിലധികം സമാഹരിക്കുകയും ചെയ്തു. കാന്‍സര്‍ റിസര്‍ച്ചിനായി 500,000 ഡോളര്‍ സമാഹരിക്കുക എന്നതാണ് അവെര്‍ബാക്കിന്റെ ലക്ഷ്യം. ആഗസ്റ്റ് 11 ന് ജാക്ക്പൂള്‍ പ്ലാസയില്‍ തന്റെ നടത്തം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിടുന്നത്.