ഗതാഗത മാര്‍ഗങ്ങള്‍ ഇലക്ട്രിക് സംവിധാനങ്ങളിലേക്ക് ചുവടുമാറിക്കൊണ്ടിരിക്കുകയാണ്. ഭാവിയില്‍ വിമാനങ്ങളും വൈദ്യുതീകരിക്കാനുള്ള പദ്ധതികള്‍ പല രാജ്യങ്ങളും ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. വരും കാലങ്ങളില്‍ പറക്കാന്‍ പോകുന്ന ഇലക്ട്രിക് വിമാനങ്ങളില്‍ അതിവിദഗ്ധ പൈലറ്റുമാരെ ആവശ്യമാണ്. ഇതിനായി പൈലറ്റുമാരെ പരിശീലിപ്പിക്കാനുള്ള പദ്ധതിയിലാണ് മോണ്‍ട്രിയലിലെ ടെക്‌നോളജി കമ്പനിയായ CAE Inc.
ഫ്‌ളൈറ്റ്, ട്രെയ്‌നിംഗ് സിമുലേറ്ററുകള്‍ നിര്‍മിക്കുന്ന സ്ഥാപനമാണ് സിഎഇ. പദ്ധതിയുടെ ഭാഗമായി 200 പൈപ്പര്‍ പരിശീലന വിമാനങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗവും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. ഇലക്ട്രിക് മോട്ടോറും ബാറ്ററി സംവിധാനവും ഉപയോഗിച്ച് ആദ്യമായി വിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത് കമ്പനിയായിരിക്കുമെന്ന് കമ്പനിയുടെ സസ്റ്റയ്‌നബിള്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഹെലിന്‍ ഗഗ്നണ്‍ പറഞ്ഞു.
ചെലവ് കുറഞ്ഞ വിമാനയാത്ര സൗകര്യം എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. മാത്രവുമല്ല, അന്തരീക്ഷ മലിനീകരണവും വിമാനപറക്കലിന്റെ ഭാരിച്ച ചെലവും കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.