ക്യുബെക്കില്‍ വയോജനങ്ങളെ ലക്ഷ്യമിട്ട് തട്ടിപ്പ്: മുന്നറിയിപ്പുമായി പോലീസ് 

By: 600002 On: Aug 1, 2022, 9:44 AM

 

ക്യുബെക്കില്‍ വയോജനങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളുടെ എണ്ണം വര്‍ധിച്ചതായി പോലീസ്. ക്യുബെക്കിലെ ലെസ് മാസ്‌കൗട്ടെയ്ന്‍സില്‍ നിരവധി 'ഗ്രാന്‍ഡ്‌പേരന്റ് സ്‌കാം' റിപ്പോര്‍ട്ട് ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  രണ്ട് പേരെ കബളിപ്പിച്ച് പണം തട്ടിയെടുത്തെന്നും 12 ഓളം പേരെ തട്ടിപ്പുകാര്‍ സമീപിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കേസുകള്‍ പലതും നടന്നത് ക്യുബെക്കിലെ മോണ്ടെരെജി മേഖലയിലാണെങ്കിലും  ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ എവിടെയും ഉണ്ടാകാമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. 

ബന്ധുവെന്ന വ്യാജേനയാണ് വൃദ്ധരില്‍ നിന്നും തട്ടിപ്പുകാര്‍ പണം കൈക്കലാക്കുന്നത്. ബന്ധുവായി ചമയുന്ന തട്ടിപ്പുകാര്‍ കുഴപ്പത്തിലാണെന്നും പണം ആവശ്യമാണെന്നും ഉടന്‍ തന്നെ തുക അയക്കാനും ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. ഇത് വിശ്വസിച്ച് ഇര തട്ടിപ്പുകാര്‍ക്ക് പണം കൈമാറുന്നു. പിന്നീടാണ് പണം നഷ്ടമായതായി മനസ്സിലാവുക. 

വൃദ്ധരുടെ ദുര്‍ബലത മുതലെടുക്കുകയും അവരുടെ വികാരങ്ങളെ ചൂഷണം ചെയ്ത് സമ്മര്‍ദ്ദത്തിലാക്കിയാണ് പണം തട്ടുക. വയോജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന സംഭവങ്ങള്‍ രാജ്യത്തുടനീളം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ സംശയാസ്പ്ദമായ എന്തെങ്കിലും കോളുകളോ, സന്ദേശങ്ങളോ ലഭിച്ചാല്‍ അതിന്റെ ആധികാരികത തിരിച്ചറിഞ്ഞ് മാത്രം പ്രതികരിക്കാവൂ എന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. എന്തെങ്കിലും സംശയം തോന്നിയാല്‍ വിവരം പോലീസിന് കൈമാറുക.